കൊച്ചി: സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. പാതി സീറ്റില്‍ കാണികളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്ക്.
തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും ഫിയോക് ഭാരവാഹികള്‍ മാധ്യമങ്ങളെ അറിയിച്ചു.
തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ചൊവ്വാഴ്ച ഫിയോക്കിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. വിഷയത്തില്‍ വിശദമായ ചര്‍ച്ച അന്നുണ്ടാവും. അതിനുശേഷം നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ പറയുന്നു.
നിലവിലെ അവസ്ഥയില്‍ വന്‍ പ്രതിസന്ധിയാണു സിനിമാ മേഖല നേരിടുന്നത്. മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ പല തിയറ്ററുകളിലും അറ്റകുറ്റപ്പണിവേണം. പകുതി സീറ്റുകളില്‍ കാണികളെ ഇരുത്തുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കും.
സര്‍ക്കാര്‍ തലത്തില്‍നിന്നു സഹായം ലഭിക്കണമെന്ന ആവശ്യവും ശക്തമാണ്. പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിനോദ നികുതിയിളവ്, വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഇനത്തില്‍ ഇളവ് എന്നീ കാര്യങ്ങളാണു സര്‍ക്കാരില്‍നിന്നും തിയറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നത്.
അതിനിടെ, തിയറ്റര്‍ തുറക്കുമ്പോള്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ ഏതൊക്കെ നിര്‍മാതാക്കള്‍ തയാറാകുമെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുകയാണ്. ഊഴം കാത്തിരിക്കുന്ന പല ചിത്രങ്ങളും വന്‍ മുതല്‍ മുടക്കുളളവയാണ്.
കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കുടുംബവുമായി തിയേറ്ററുകളില്‍ എത്തുന്നവര്‍ കുറവായിരിക്കുമെന്നുമാണു സംഘടനയുടെ കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും നഷ്ടം പെരുകും.
സംഘടനയില്‍ അംഗമല്ലാത്ത തിയേറ്ററുകളുടെ കാര്യത്തിലും ഇതുവരെ തീരുമാനം പുറത്തുവന്നിട്ടില്ല. ഇത്തരം തിയേറ്ററുകളില്‍ അന്യഭാഷാ ചിത്രങ്ങളടക്കം കൊണ്ടുവന്നു പ്രദര്‍ശനം തുടങ്ങാനുള്ള സാധ്യതയുള്ളതായാണു സൂചനകള്‍.
അതിനിടെ,തിയേറ്ററുകളില്‍നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂവെന്ന ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് നിലപാട് ശരിയല്ലെന്നും ഫിയോക് ഭാരവാഹികള്‍ വ്യാക്തമാക്കുന്നു.