കൊച്ചി: സംസ്ഥാനത്തെ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ തിയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍.
ഉടമകളുടെ സംയുക്ത സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള (ഫിയോക്ക്)യുടെ നേതൃത്വത്തില്‍ രാവിലെയാണ് യോഗം ചേരുന്നത്.
ഈ മാസം പതിമൂന്നിനോ അതിനുശേഷമോ തിയറ്ററുകള്‍ തുറക്കാനാണു സാധ്യതയെന്നാണ് സൂചന. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ വയ്ക്കേണ്ട പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും.
അധിക നികുതി കുറയ്ക്കണം
മാസങ്ങളോളം അടച്ചിട്ടിരുന്ന തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടെ തുറന്നാല്‍ കൂടുതല്‍ നഷ്ടം വരുമെന്നതിനാല്‍ ഇന്നു മുതല്‍ തിയറ്ററുകള്‍ തുറക്കേണ്ടന്ന നിലപാടെടുക്കുകയായിരുന്നു ഉടമകള്‍.
തിയറ്റര്‍ തുറക്കുന്നതിനു മുന്നോടിയായി ടിക്കറ്റിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധിക നികുതി കുറയ്ക്കല്‍, വൈദ്യുതി ഫിക്സഡ് നിരക്ക് എടുത്തുകളയല്‍ എന്നീ ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.
നൂറു രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു 12 ശതമാനമാണു കേന്ദ്ര ജിഎസ്ടി. സംസ്ഥാനം അഞ്ച് ശതമാനം എന്റര്‍ടെയ്മെന്റ് നികുതി കൂടി ഏര്‍പ്പെടുത്തിയതോടെ അടിസ്ഥാന ടിക്കറ്റ് നിരക്ക് 105 രൂപയായി. ഈ സാഹചര്യത്തില്‍ 18 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരുന്നു.
ഇതോടെ ടിക്കറ്റ് വില 130 രൂപ വരെയായി. അധിക നികുതി കുറച്ചാല്‍ ടിക്കറ്റ് നിരക്ക് 20 രൂപ കുറയും. ഇത് ജനത്തിന് അധികഭാരത്തില്‍നിന്നു മോചനമാവുമെന്നാണ് തിയറ്റര്‍ ഉടമകളുടെ നിലപാട്.
സാന്പത്തിക ബാധ്യത ഭാരിച്ചത്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആകെ സീറ്റുകളുടെ പകുതി ആളുകളേ മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് പുറമേ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഒമ്പത് വരെ മാത്രമേ പ്രദര്‍ശനം അനുവദിക്കുകയുള്ളൂ.
ഇതോടെയാണ് വൈദ്യുതി ഫിക്സിഡ് ചാര്‍ജ് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലായെന്നും ഉടമകള്‍ വ്യക്തമാക്കി.