മലയാള സിനിമയ്ക്ക് ഉണര്‍വീന്റെ കാലമായിരുന്നു 2016ന്റെ തുടക്കം മുതല്‍. ഒരുപിടി മികച്ച ചിത്രങ്ങള്‍ പിറവിയെടുത്തതോടെ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ വീണ്ടും തിരിച്ചെത്തി. 2017ന്റെ തുടക്കത്തിലും കാര്യങ്ങള്‍ ശുഭകരമായി തന്നെയായിരുന്നു കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ കാര്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയോടെ എത്തിയ പലചിത്രങ്ങളും മൂക്കുകുത്തി താഴെ വീഴുന്നതാണ് സിനിമലോകം കണ്ടത്. ടിയാന്‍ പോലെ വമ്പന്‍ താരനിര അണിനിരന്ന ബിഗ്ബജറ്റ് ചിത്രം പോലും ക്ലച്ചു പിടിച്ചില്ല.
സിനിമ താരങ്ങളോടുള്ള മലയാളികളുടെ ഇഷ്ടവും തിയറ്ററില്‍ കളക്ഷനും തമ്മില്‍ ഇഴപിരിയാത്ത ബന്ധമുണ്ട്. പ്രിയ താരങ്ങളുടെ ചിത്രങ്ങള്‍ കുറച്ചു മോശമാണെങ്കില്‍ കൂടി ജനം ഇടിച്ചുകയറും. മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായിരുന്നു ദിലീപ്. അതുകൊണ്ട് തന്നെ ജനപ്രിയതാരത്തിന്റെ അറസ്റ്റ് ആരാധകരെ ഞെട്ടിച്ചു. ദിലീപ് അകത്തായശേഷം പല നടിമാരും തങ്ങള്‍ക്കുനേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെ സിനിമ താരങ്ങളോടുള്ള ആരാധനയില്‍ കുറവുവരികയും ചെയ്തു. കൊച്ചിയില്‍ ഒരു സൂപ്പര്‍താരത്തിന്റെ വീട്ടിലേക്ക് യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തിയതും ഇതിനോട് കൂട്ടിവായിക്കാം.
അതേസമയം നല്ല ചിത്രമെന്ന് പൊതുവിലയിരുത്തല്‍ ലഭിച്ച ചിത്രങ്ങള്‍ ഇക്കാലയിളവില്‍ കാശുവാരുകയും ചെയ്തു. ആസിഫ് അലി നായകനായെത്തിയ സണ്‍ഡേ ഹോളിഡേ തന്നെ ഉദാഹരണം. ആദ്യ 21 ദിവസംകൊണ്ട് 10.75 കോടി രൂപയാണ് ഈ കൊച്ചുചിത്രം വാരിക്കൂട്ടിയത്. കുടുംബംഗങ്ങള്‍ ഇഷ്ടപ്പെടുന്ന രീതിയിലുള്ള അവതരമാണ് അസിഫ് ചിത്രത്തിനു തുണയായത്. എന്നാല്‍ അശ്ലീലം കുത്തിനിറച്ചെത്തിയ ഒമര്‍ ലുലു ചിത്രം ചങ്ക്‌സിനെയും സര്‍വോപരി പാലാക്കാരന്‍ എന്നീ സിനിമകളെ പ്രേക്ഷകര്‍ തൂത്തെറിയുകയും ചെയ്തു. അശ്ലീലം മാത്രം കുത്തിനിറച്ചെത്തിയ ചങ്ക്‌സിന് ആദ്യദിനങ്ങളില്‍ മികച്ച കളക്ഷന്‍ കിട്ടിയെങ്കിലും നെഗറ്റീവ് റിവ്യു കളക്ഷനെ ബാധിച്ചു.