മലയാള സിനിമയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന മുഴുവന്‍ ചിത്രങ്ങളും നാളെ മുതല്‍ പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കാളും വിതരണക്കാരും തീരുമാനിച്ചു. ഇതോടെ തിയറ്റര്‍ വിഹിതം പങ്ക് വെക്കുന്നതിനെ ചൊല്ലിയുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഈ പ്രതിസന്ധിയില്‍ 20 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്നാണ് നിര്‍മാതാക്കളും വിതരണക്കാരും ആവര്‍ത്തിച്ചു പറയുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് കൊച്ചിയില്‍ തിയറ്റര്‍ ഉടമകളും നിര്‍മാതാക്കാളും വെവ്വേറെ യോഗം ചേരുന്നുണ്ട.
മലയാള സിനിമകളുടെ അഭാവത്തില്‍ ആമിര്‍ ഖാന്റെ ‘ദംഗല്‍’ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന മുന്‍ തീരുമാനം മറി കടന്നു തമിഴ് ചിത്രമായ കത്തി സണ്ടൈയും ഹിന്ദി ചിത്രമായ ദംഗലും തിയറ്ററുകളിലെത്തിച്ച വിതരണ കമ്പനികളുമായി ഭാവിയില്‍ സഹകരണം വേണ്ടെന്നും ഇന്നലെ ചേര്‍ന്ന സംയുക്ത യോഗത്തില്‍ തീരുമാനമായി. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി, വേദം, കാംബോജി എന്നീ ചിത്രങ്ങളാണു റിലീസ് വിലക്കില്‍ കുരുങ്ങിക്കിടക്കുന്നത്. നിലവില്‍ തീയറ്ററുകളിലുള്ള ചിത്രങ്ങള്‍ കൂടി പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും കളം വിടേണ്ടി വരും.
പുതിയ തിയേറ്ററുകള്‍ ധാരാളം വന്നതിനാല്‍ നിര്‍മാതാക്കള്‍ക്ക് വലിയ വരുമാനം ലഭിക്കുന്നതായാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. എന്നാല്‍ സിനിമാ നിര്‍മാണത്തിന്റെ ചെലവു ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കാള്‍ എതിര്‍വാദം ഉന്നയിക്കുന്നത്. തിയറ്റര്‍ വരുമാനത്തിന്റെ 60 ശതമാനം ലഭിച്ചിട്ടും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 200ലധികം സിനിമകളില്‍ അപൂര്‍വം ചിലതിനു മാത്രമാണ് സാമ്പത്തിക വിജയം നേടാനായതെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.