വൈപ്പിൻ: സിനിമാ തീയറ്റർ ജീവനക്കാരനായ ക്രിസ്റ്റിയുടെ സത്യസന്ധതയിൽ കൊച്ചുമുഹമ്മദിനു തിരികെ ലഭിച്ചത് കൈമോശം വന്ന 75000 രൂപ. ഇന്നലെ വൈകുന്നേരം ഞാറക്കൽ മെജസ്റ്റിക് തീയറ്ററിൽ വച്ചാണ് നായരന്പലം കടവിൽ വീട്ടിൽ കൊച്ചുമുഹമ്മദിനു പണം നഷ്ടപ്പെട്ടത്.
സിനിമക്ക് എത്തിയ ഇയാൾ പണം തീയറ്ററിനകത്ത് വച്ച് മറന്ന് പോയതാണ്. സിനിമ കഴിഞ്ഞ് പരിശോധനക്കെത്തിയ എത്തിയ ജീവനക്കാരനായ നായരന്പലം കല്ലുമഠത്തിൽ ക്രിസ്റ്റി തീയറ്ററിനകത്തുനിന്നും ലഭിച്ച കിറ്റ് പരിശോധിച്ചപ്പോഴാണ് അതിനകത്ത് 75000 രൂപ കണ്ടത്. തുടർന്ന് വിവരം മാനേജർ അനിലിനെ അറിയിക്കുകയും രണ്ട് പേരും ചേർന്ന് പണം ഞാറക്കൽ പോലീസിനു കൈമാറുകയും ചെയ്തു.
കൊച്ചുമുഹമ്മദ് പണം അന്വേഷിച്ച് തീയറ്റലെത്തിയപ്പോൾ പണം പോലീസിലേൽപ്പിച്ചെന്ന് അറിയിച്ചു. തുടർന്ന് ഇയാൾ പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് ക്രിസ്റ്റിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് എസ്ഐ സംഗീത് ജോബിന്റ സാന്നിധ്യത്തിൽ പണം കൈമാറുകയായിരുന്നു.