ഇരിങ്ങാലക്കുട: മാപ്രാണം വർണ തിയറ്ററിനുസമീപം വാഹനപാർക്കിംഗ് പ്രശ്നത്തെ ചൊല്ലി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. തിയറ്റർ നടത്തിപ്പുകാരൻ ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ നടുപുരയ്ക്കൽ സഞ്ജയ് രവി, തിയറ്ററിലെ ജീവനക്കാരായ രണ്ടുപേർ എന്നിവരാണ് ഒളിവിലുള്ളത്. ഇവരുടെ ആക്രമണത്തിൽ വാലത്തുവീട്ടിൽ രാജൻ മരിച്ചതോടെയാണ് ഇവർ ഒളിവിൽ പോയത്.
പ്രതികളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ അഭിഭാഷകന്റെ സഹായത്തോടെ കീഴടങ്ങാനും സാധ്യതയുണ്ട്. പ്രതികൾ സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. തിയറ്റർ നടത്തിപ്പുകാരൻ ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ നടുപുരയ്ക്കൽ സഞ്ജയ് രവി, പറപ്പൂക്കര രാപ്പാൾ സ്വദേശി കള്ളായിൽ വീട്ടിൽ തക്കുടു എന്നു വിളിക്കുന്ന അനീഷ് എന്നീ രണ്ടു പ്രതികളെ തേടിയാണ് പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതികളുമായി ബന്ധമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഉൗരകം സ്വദേശി കൊടപ്പുള്ളി വീട്ടിൽ മണികണ്ഠനെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. സംഭവം വിവരിച്ച പ്രതിയെ തിരിച്ച് ജീപ്പിൽ കയറ്റുന്നതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ രോഷാകുലരായെങ്കിലും പോലീസിന്റെ ഇടപെടൽ മൂലം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.