പാലക്കാട് : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് മൂന്ന് തിയേറ്ററുകൾക്ക് മെയ് മാസം തറക്കല്ലിടുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ പറഞ്ഞു.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അത്യാധുനിക സൗകര്യത്തോടെ തിയേറ്റർ സമുച്ചയം നിർമിക്കുക. നൂറ് തിയറ്ററുകളുടെ നവീകരണത്തിന് കിഫ്ബി വഴി 100 കോടി ലഭിച്ചിട്ടുണ്ട്. ഈ വർഷം 30 തിയറ്ററുകൾ നവീകരിക്കും. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 150 കോടി വകയിരുത്തിയിട്ടുണ്ട്.
സ്വകാര്യ മൾട്ടിപ്ലക്സ് തിയറ്ററുകളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള സാങ്കേതിക സൗക്വര്യങ്ങളോടെയാണ് കെ.എസ്.എഫ്.ഡി.സി സിനിമാശാലകൾ നിർമിക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഡി.സി. സിനിമയിൽ നിന്നും വാണിജ്യതാത്പര്യം മാത്രം ലക്ഷ്യമിടുന്ന പ്രവണതയ്ക്കെതിരെ കോർപ്പറേഷൻ ശക്തമായി ഇടപെടും. നിർമാണത്തിലും ടെക്നോളജിയിലും കുത്തക കന്പനികൾ പിടിമുറുക്കന്നതിനെതിരെ കോർപ്പറേഷൻ ഇടപെടും.
തിയറ്റർ മേഖലയിലെ സുതാര്യതയ്ക്കായി എല്ലാ തിയറ്ററുകളിലും ഇ-ടിക്കറ്റ് സന്പ്രദായം നടപ്പാക്കും. നിർമാതാവിന് കൃത്യമായി ലാഭം ലഭിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൃത്യമായി നികുതി ലഭിക്കുന്നതിനും ഇ-ടിക്കറ്റ് സന്പ്രദായം സഹായകരമാണ്. തിയറ്റർ നിർമാണത്തിൽ സ്വകാര്യ പങ്കാളിത്തം ആലോചനയിലുണ്ട്.
സിനിമാ നിർമാണത്തിന് നൽകുന്ന സബ്സിഡി വർധിപ്പിക്കും. ചലച്ചിത്ര മേഖലയിൽ മുഴുവനായും സർക്കാർ പങ്കാളിത്തം ഉറപ്പാക്കുകയാണ് കെ.എസ്.എഫ്.ഡി.സി.യുടെ ലക്ഷ്യം. ഗ്രാമീണ മേഖലകളിലെ തിയറ്ററുകൾ അടച്ചുപൂട്ടുന്ന പ്രവണത മനസിലാക്കിയാണ് ചിറ്റൂർ പോലുള്ള പ്രദേശങ്ങളിലെ തിയറ്ററുകൾ നവീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥലങ്ങൾ കണ്ടെത്തി നൽകിയാൽ കൂടുതൽ തിയറ്ററുകൾ നിർമിക്കാൻ തയാറാണെന്നും സംസ്ഥാന ചലച്ചിത വികസന കോർപ്പറേഷൻ ചെയർമാൻ പറഞ്ഞു.