ചങ്ങരംകുളം: എടപ്പാൾ തിയറ്റർ പീഡനക്കേസിൽ കേസന്വേഷിച്ച ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘത്തിന് വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തിയറ്റർ പീഡനക്കേസും ആദ്യഘട്ടത്തിലെ പോലീസ് വീഴ്ചയും ഒരേസമയം രണ്ട് ഡിവൈഎസ്പിമാർ വ്യത്യസ്ത അന്വേഷണം നടത്തിയിട്ടും ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയോ നിയമോപദേശം തേടുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പീഡന വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ച തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് വിവാദമായതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം എൽപ്പിച്ചത്. പരാതി ലഭിച്ച ശേഷം കേസെടുക്കുന്നതിൽ ചങ്ങരംകുളം പോലീസ് വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ഡിസിആർബി ഡിവൈഎസ്പിക്ക് കൈമാറിയത്. എന്നാൽ തുടർന്നും കേസന്വേഷണത്തിൽ വീഴ്ചകൾ വന്നതായി ആരോപണമുണ്ടായിരുന്നു.
പ്രതികൾക്കെതിരെ പോക്സോയിലെ ദുർബലമായ വകുപ്പുകളാണ് ആദ്യം ചുമത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണ് ഗുരുതരമായ വകുപ്പുകൾ ചുമത്താൻ അന്വേഷണ സംഘം തയാറായത്. കുട്ടി മുന്പും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നില്ലെന്ന് ചൈൽഡ് ലൈൻ ആരോപിച്ചിരുന്നു.
പക്വതയെത്താത്ത കുട്ടിയെ വിശദമായ കൗണ്സലിംഗിന് വിധേയയാക്കിയാലേ ഇക്കാര്യം അറിയാനാകൂ എന്നായിരുന്നു ചൈൽഡ് ലൈനിന്റെ നിലപാട്. കേസിലെ പ്രധാന സാക്ഷിയായ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതും പരക്കെ വിമർശിക്കപ്പെട്ടു. അറസ്റ്റിന്റെ വിവരം ഡിവൈഎസ്പി തന്നെ അറിയിച്ചിരുന്നില്ലെന്ന് തൃശൂർ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഡിവൈഎസ്പി ഷാജി വർഗീസിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. കേസിലെ സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.