തിരുവനന്തപുരം: എടപ്പാൾ പീഡനത്തിന്‍റെ വിവരം ചൈൽഡ്ലൈന് കൈമാറിയെ തീയറ്റർ ഉടമയെ കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് സേനയ്ക്കുള്ളിലും അതൃപ്തി പുകയുന്നു. ചങ്ങരംകുളം പോലീസിന്‍റെ നടപടിയിലുള്ള അതൃപ്തി പോലീസ് അസോസിയേഷനുകൾ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയെയും അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ജനങ്ങളെ പോലീസിൽ നിന്നും അകറ്റാനെ ഉപകരിക്കൂ. പോലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ് വ്രണപ്പെടുത്തുന്ന നടപടിയാണ് തീയറ്റർ ഉടമയുടെ അറസ്റ്റോടെ ഉണ്ടായിരിക്കുന്നതെന്നും സേനയ്ക്കുള്ളിൽ വിമർശനം ഉയർന്നു.
ചങ്ങരംകുളം പോലീസിന്‍റെ നടപടിക്കെതിരേ മുതിർന്ന മുൻ പോലീസ് ഉദ്യോഗസ്ഥരും വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേനയ്ക്കുളളിൽ തന്നെ പോലീസിന്‍റെ നടപടി ചോദ്യം ചെയ്യപ്പെടുന്നത്.
പീഡനവിവരം പോലീസിനെ അറിയിക്കാൻ കാലതാമസം വരുത്തിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിന്നുവെന്നും ആരോപിച്ച് തിങ്കളാഴ്ചയാണ് തീയറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണ ചുമതലയുള്ള മലപ്പുറം ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസാണ് തിയറ്റർ ഉടമ ഇ.സി.സതീശനെ (55)അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യാൻ സതീശനെ ചങ്ങരംകുളം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.