തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടു രാമചന്ദ്രന് ശാരീരിക അവശതകളോ മദപ്പാടുകളോ ഇല്ലെന്ന് ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പാര്‍ട്ട് പുറത്തു വന്നതോടെ ആനപ്രേമികളെല്ലാം ആവേശത്തിലാണ്. മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയാലും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം .ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചത്. ആനയുടെ ശരീരത്തില്‍ മുറിവുകളില്ല. കുളിപ്പിക്കുമ്പോള്‍ പോലും പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യം അനുകൂലമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്നായിരുന്നു തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്നലെ അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗജവീരന്‍ പൂരത്തിന് എത്തുമെന്ന് ഉറപ്പായി.
പരിശോധനയില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് കണ്ടെത്തിയ സ്ഥിതിക്ക് പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്താനാണ് സാധ്യത. ആനകളെ വിട്ടു നല്‍കുമെന്ന് ആന ഉടമകളും അറിയിച്ചതോടെ തൃശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി. ആനയുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കാന്‍ കുളിപ്പിക്കുന്ന സമയത്തായിരുന്നു പരിശോധന. കുളിപ്പിക്കുമ്പോള്‍ ആനകള്‍ കുറുമ്പു കാട്ടാറുണ്ട്. ഇന്ന് നടന്ന പരിശോധനയില്‍ കുളിപ്പിക്കുമ്പോഴും പാപ്പാന്മാര്‍ പറയുന്നതെല്ലാം ഗജവീരന്‍ അക്ഷരംപ്രതി അനുസരിച്ചു.
കാഴ്ച പൂര്‍ണ്ണമായും നഷ്ടമായെന്ന വിലയിരുത്തലിലാണ് ആനയെ പൂരത്തില്‍ നിന്ന് വിലക്കിയത്. ഇതും ഡോക്ടര്‍മാര്‍ പരിശോധനയിലൂടെ തെറ്റെന്ന് കണ്ടെത്തി. കാഴ്ച നഷ്ടമായെങ്കില്‍ പൂരത്തിന് എഴുന്നെള്ളിക്കുക വലിയ റിസ്‌കാണ്. ഇതാണ് ഡോക്ടര്‍മാരുടെ പരിശോധനയോടെ മാറുന്നത്. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്നാണ് ടി വി അനുപമ ഇന്നലെ അറിയിച്ചിരുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. ആനപ്രേമികളുടെ ഇടപെടലായിരുന്നു ഇതിനു കാരണം.