തിരുവനന്തപുരം: ശാരീരികാവശതകള്‍ രൂക്ഷമായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് വനംമന്ത്രി കെ. രാജു. കേവലം ആവേശ പ്രകടനങ്ങൾക്കല്ല ജനങ്ങളുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശൂർ പൂരത്തിന് എഴുന്നെള്ളിച്ചാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാൻ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
2009 മുതലുള്ള കണക്കുകൾ മാത്രം പരിശോധിച്ചാൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഏഴു പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരൻ, കൂനത്തൂർ കേശവൻ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തിയിട്ടുമുണ്ട്.
ഏറ്റവുമൊടുവിലായി ഫെബ്രുവരിയിൽ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികൾ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.