കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ എഴുന്നള്ളിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്കി.
ഈ ആനയുടെ വലതു കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കല്‍ റിപ്പോര്ട്ടിന്മേല് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ പ്രതികരണം അറിയിക്കാന്‍ ഹൈക്കോടതി ആറാഴ്ച സമയവും നല്കി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തില്‍ പങ്കെടുപ്പിക്കുന്നതും പലസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും ചോദ്യംചെയ്ത് ഇടുക്കിയിലെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍ എന്ന സംഘടന സെക്രട്ടറി എം.എന്‍. ജയചന്ദ്രന് നല്കിയ റിവ്യൂ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ആനയുടെ വലതുകണ്ണിന് പൂര്‍ണമായും കാഴ്ച നഷ്ടമായെന്ന് 2017ല്‍ മെഡിക്കല്‍ ടീം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആനയെ വീണ്ടും ഘോഷയാത്രയിലും എഴുന്നള്ളത്തുകളിലും പങ്കെടുപ്പിച്ചു.
2019 ല്‍ ആന വിരണ്ടോടി രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവമുണ്ടായി. തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തി.
2020 ല്‍ തൃശൂര്‍ ജില്ലാ മോണിട്ടറിംഗ് കമ്മിറ്റി വിലക്ക് നീക്കി. എന്നാല്‍ ആനയെ പ്രദര്‍ശിപ്പിക്കുന്നതും പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതും സ്ഥിരമായി വിലക്കണമെന്ന് വ്യക്തമാക്കി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കി.
ഇതേത്തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കിയത്.