തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ തൃശൂർ പൂരത്തിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിയമോപദേശം തേടും. ഇന്നലെ ആനയുടമകളുടെ പ്രതിനിധികളുമായി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും വി.എസ്. സുനിൽകുമാറും നടത്തിയ ചർച്ചയിലാണു തീരുമാനം.
രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ഇന്നു കോടതി വിധിക്കു ശേഷം തീരുമാനമെടുക്കുമെന്നും, ആനപരിപാലനവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രശ്നങ്ങളിൽ മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞു മടങ്ങിവന്ന ശേഷം ചർച്ച ചെയ്യുമെന്നും ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളത്തിനു കളക്ടർ വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് മറ്റ് ആനകളെയും പൂരത്തിൽ പങ്കെടുപ്പിക്കില്ലെന്ന നിലപാട് ആനയുടമകൾ സ്വീകരിച്ചതോടെയാണ് ഇന്നലെ അവരുമായി സർക്കാർ ചർച്ച നടത്തിയത്.
പൂരത്തിനു രാമചന്ദ്രന്റെ വിലക്കു നീക്കിയില്ലെങ്കിൽ തങ്ങളുടെ ആനകളെ പങ്കെടുപ്പിക്കില്ലെന്ന നിലപാടിൽനിന്ന് ഇന്നലത്തെ ചർച്ചയ്ക്കു ശേഷം ഉടമകൾ അയഞ്ഞതായാണു വിവരം. ഇന്നത്തെ കോടതി വിധിക്കുശേഷം യോഗം ചേർന്നു ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നു ചർച്ചയ്ക്കു ശേഷം ആനയുടമകളുടെ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബി. ഗണേശ്കുമാർ എംഎൽഎ പറഞ്ഞു.
സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടാണുണ്ടായത്. രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നില്ല. തലേദിവസം നടക്കുന്ന ഒരു ചെറിയ ചടങ്ങിനു മാത്രമാണ് ആനയെ ഉപയോഗിക്കുന്നതെന്നും തൃശൂർ പൂരം നന്നായി നടക്കാനാണു തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഗണേശ്കുമാർ പറഞ്ഞു.