തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കിൽ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധവുമായി ആന ഉടമകളുടെ സംഘടന. തൃശൂർ പൂരം ഉൾപ്പെടെ ഒരു പരിപാടിക്കും ആനകളെ വിട്ടുനൽകില്ലെന്ന് കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ് 11 മുതൽ സംസ്ഥാനത്തെ ഒരു പരിപാടിക്കും ആനകളെ വിട്ടുനൽകില്ല. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുംവരെ ബഹിഷ്ക്കരണം തുടരുമെന്നും അസോസിയേഷൻ അറിയിച്ചു.
നേരത്തെ മന്ത്രിതല യോഗത്തിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതാണെന്ന് ഇവർ പറയുന്നു. പിന്നീട് ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഇതിനു പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും അസോസിയേഷൻ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വനംവകുപ്പ് മന്ത്രി കെ. രാജുവിന്റേതായി പുറത്തുവന്ന ഫേസ്ബുക്ക് പോസ്റ്റും പ്രകോപനത്തിനു കാരണമായി.
ആന ഉടമകളെ കോടികൾ സമ്പാദിക്കുന്ന മാഫിയ എന്നു വിശേഷിപ്പിച്ചതാണ് പ്രകോപനത്തിനു കാരണം. മന്ത്രി പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു.