തൃശൂർ: പൂരപ്പറന്പിൽ ആർപ്പുവിളിക്കാൻ മാത്രമല്ല ദുരിതബാധിതരെ സഹായിക്കാനും തങ്ങൾ മുന്നിലാണെന്നു തെളിയിച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസുകാർ വയനാട്ടിലേക്കു തിരിച്ചു. പ്രകൃതിയുടെ താണ്ഡവത്തിന് ഇരയായവർക്കു ഒരു കൈത്താങ്ങായി “ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകവൃന്ദം വയനാടൻ മണ്ണിലേക്ക്’ എന്ന ആഹ്വാനത്തോടെയാണ് രാമന്റെ ആരാധകർ ദുരിതബാധിതർക്കായി സാധനസാമഗ്രികൾ ശേഖരിക്കാൻ തുടങ്ങിയത്.
ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ നല്ല രീതിയിൽ സാധനസാമഗ്രികൾ ശേഖരിക്കാൻ ഇവർക്കായി. തുടർന്ന് ഇന്നലെ രാവിലെ വയനാട്ടിലേക്കു തിരിച്ചു. അരി, പഞ്ചസാര തുടങ്ങിയ പലചരക്കു സാധനങ്ങളും ബ്ലീച്ചിംഗ് പൗഡർ, നാപ്കിനുകൾ, സോപ്പ്, ക്ലീനിംഗ് ലോഷൻ, ഡെറ്റോൾ, വസ്ത്രങ്ങൾ, മരുന്ന്, പായ, പുതപ്പ്, മെഴുകുതിരി, വാഴക്കുല തുടങ്ങിയവയെല്ലാം സമാഹരിക്കാൻ സാധിച്ചു.
തെച്ചിക്കോട്ടുകാവ് ദേവസ്വം കോളജിലാണ് സാധനസാമഗ്രികൾ സംഭരിച്ചത്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവപ്പറന്പുകളിലേക്ക് കയറ്റിക്കൊണ്ടുപോകുന്ന രാമരഥം എന്നറിയപ്പെടുന്ന ലോറിയാണ് വയനാട്ടിലേക്കു സാധനങ്ങളുമായി പോയത്.