തിരുവനന്തപുരം: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ സർക്കാരിനു പൊല്ലാപ്പാകുന്നതിനിടെ സംഭവം സിപിഐയ്ക്കും തലവേദയാകുന്നു. പാർട്ടിയുടെ രണ്ട് മന്ത്രിമാർ ഈ വിഷയത്തിൽ പ്രത്യക്ഷമായും പരോക്ഷമായും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളാണ് പ്രശ്നമായത്.
വനം മന്ത്രി കെ.രാജുവും ജില്ലയിൽ നിന്നുള്ള മന്ത്രിയായ വി.എസ്.സുനിൽ കുമാറുമാണ് വിഷയത്തിൽ നിരന്തരം ഇടപ്പെട്ടുകൊണ്ടിരിക്കുന്നത്. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ തുടക്കം മുതൽ സുനിൽ കുമാർ ഇടപെട്ടിരുന്നു.
എന്നാൽ, വനം മന്ത്രിയാകട്ടെ ഒരു കാരണവശാലും ആനയുടെ വിലക്ക് നീക്കാനാകില്ലെന്ന ശക്തമായ നിലപാടിലും. ഒടുവിൽ ഫേസ്ബുക്കിലൂടെ രാമചന്ദ്രൻ കൊലയാളി ആനയാണെന്ന് തുറന്നെഴുതി കെ.രാജു ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് വ്യക്തമാക്കി.
ഇപ്പോഴും, വിഷയത്തിൽ സുനിൽകുമാർ മൃദുസമീപനം തുടരുകയാണ്. ആനയെ എഴുന്നള്ളിക്കാനാകില്ലെന്ന വനംമന്ത്രിയുടെ കർക്കശ നിലപാടിനോട് സുനിൽകുമാർ പ്രതികരിക്കുകയോ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ, രാമന്റെ വിലക്ക് നീക്കാതെ മറ്റ് ആനകളെ പൂരം എഴുന്നള്ളിപ്പിന് വിട്ടു നൽകില്ലെന്ന് ആന ഉടമകൾ നിലപാടെടുത്തതിനു പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുമായി സുനിൽകുമാർ ചർച്ച നടത്തുകയും ചെയ്തിരുന്നു.