സ്വന്തം ലേഖകൻ
തൃശൂർ: കുറ്റൂർ നെയ്തലക്കാവിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടന്പേറ്റി ഗോപുരം കടന്നയുടൻ നേരെ വണ്ടിയെടുത്ത് പേരാമംഗലത്തേക്ക് വിട്ടു.
അവിടെ രാമനുണ്ട്…. തെച്ചിക്കോട്ടുകാവിൽ ശാന്തനായി… ആരോടും പരിഭവമില്ലാതെ… ഇന്ന് തൃശൂർ പൂരത്തിന്റെ പൂരവിളംബരമാണെന്നറിയാതെ….കഴിഞ്ഞ വർഷം കോവിഡ് കാരണം തെക്കേഗോപുര നട തുറക്കുന്ന ചടങ്ങടക്കം എല്ലാം വേണ്ടെന്നവച്ചിരുന്നു.
ഇത്തവണ വിലക്കും നിയന്ത്രണങ്ങളും നിയമപ്രശ്നങ്ങളും മൂലം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തേക്കേഗോപുര നട തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായില്ല. പകരം ശിവകുമാറാണ് പൂരത്തലേന്ന് തെക്കേഗോപുരം തുറന്നത്.ഞങ്ങൾ രാമനെ കാണാൻ തെച്ചിക്കോട്ടുകാവിലെത്തുന്പോൾ പേരാമംഗലത്തെ തന്റെ തട്ടകത്തിൽ പൂരമാണെന്നോ പൂരത്തലേന്നാണെന്നോ അറിയാതെ രാമൻ തന്റെ പതിവ് മോണിംഗ് വാക്കിന് പോയിരിക്കുകയായിരുന്നു.
നാലു കിലോമീറ്ററാണ് ദിവസേനയുള്ള നടത്തം.രാവിലെ മുതൽ ചാനലുകാരെല്ലാം രാമനെ കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരേയും കടത്തിവിടുന്നില്ലെന്നും ദേവസ്വക്കാർ പറഞ്ഞു.
അപ്പോഴാണ് മോണിംഗ് വാക്ക് കഴിഞ്ഞ് വരുന്ന രാമനെ കണ്ടത്… നെയ്തലക്കാവിലമ്മയുടെ തിടന്പ് ശിരസിലേറ്റിയ പോലെ തലയെടുപ്പോടെയായിരുന്നു ആ വരവ്….ആൾക്കൂട്ടങ്ങളും ആരവങ്ങളുമില്ലെങ്കിലും ഇവന്റെ തലപ്പൊക്കത്തിന് കുറവുകളില്ലെന്ന് മനസിലായി.
പൂരവിളംബരം നടക്കട്ടെ….ഞാനിവിടെയുണ്ട്… എന്നൊരു ഭാവമുണ്ടായിരുന്നു അവന്റെ കണ്ണുകളിൽ… മടങ്ങുന്പോൾ പിന്നിൽ അവന്റെ ചങ്ങലകിലുക്കം കേൾക്കാമായിരുന്നു… രാമന്റെ മനസിലുണ്ടായിരിക്കുമോ പൂരവിളംബരം നടത്തി തുന്പിക്കൈ ഉയർത്തി ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്തിരുന്ന ആ പൂരക്കാലം………