തൃശൂർ: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം രാമൻ എത്തുമോ…ഉത്സവപ്പറന്പുകളെ ആഘോഷമാക്കാൻ….ആനക്കന്പക്കാരും രാമൻ ഫാൻസുകാരും കാത്തിരിക്കുകയാണ്… തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തിരിച്ചുവരവിനായി. രാമനെ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ഇന്നുച്ചയ്ക്ക് ചേരുന്ന ജില്ല നാട്ടാന നിരീക്ഷണ സമിതി യോഗത്തിൽ തീരുമാനമുണ്ടാകും.
രാമനെ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കാൻ അനുമതി കൊടുക്കും മുൻപ് വിദഗ്ധ സമിതിയുടെ പരിശോധനയടക്കമുള്ള കാര്യങ്ങൾ വേണമെന്ന നിർദ്ദേശം യോഗത്തിലുയരാൻ സാധ്യതയുണ്ട്.
ആന എഴുന്നള്ളിപ്പുകൾക്ക് കർശന നിയന്ത്രണം ഇപ്പോഴും തുടരുന്നതിനാലും പത്തും പതിനഞ്ചും ആനകളുടെ എഴുന്നള്ളിപ്പുകൾ ഇല്ലാത്തതിനാലും രാമനെ എഴുന്നള്ളിക്കുന്നതിൽ തടസങ്ങളുണ്ടാകില്ലെന്നാണ് സൂചന.
ഇന്നുച്ചയ്ക്ക് ചേരുന്ന യോഗത്തിലെ പ്രധാന അജണ്ട തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നെള്ളിപ്പിന് അനുമതി നൽകുന്നതാണ്.
2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്ന് വിലക്കിലായിരുന്നു.
ഇതിന് ശേഷം 2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു.