സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരം വിളംബരം ചെയ്ത് ഇക്കുറി കൊച്ചിൻ ദേവസ്വം ബോർഡ് കൊന്പൻ എറണാകുളം ശിവകുമാർ വടക്കുന്നാഥന്റെ തെക്കേഗോപുര നട തള്ളിത്തുറക്കുന്പോൾ ആ കാഴ്ച പത്തുകിലോമീറ്ററകലെയുള്ള രാമൻ മനസിൽ കാണും.
തെക്കേഗോപുരനടയ്ക്കു താഴെ കാത്തുനിൽക്കുന്ന പുരുഷാരത്തേയും ആർപ്പുവിളികളേയും രാമൻ അകക്കണ്ണിൽ കണ്ടും കേട്ടുമറിയും.
ഇക്കുറി തെക്കേഗോപുര നട തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്ല എന്നത് ആനക്കന്പക്കാർക്കും രാമൻ ഫാൻസുകാർക്കും വലിയ നിരാശയാണുണ്ടാക്കിയിട്ടുള്ളത്.
രാമൻ ഇക്കുറിയുണ്ടാകുമെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും അവസാന നിമിഷം അനുകൂല റിപ്പോർട്ടുകൾ പലതും മാറിയതോടെ കഥ മറ്റൊന്നായി.
തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം വന്നെങ്കിലും പൂരത്തലേന്ന് തെക്കേഗോപുര നട തുറക്കാൻ നെയ്തലക്കാവിലമ്മയേയും കൊണ്ടെത്തുന്നത് എറണാകുളം ശിവകുമാറായിരിക്കുമെന്നത് രാമന്റെ ആരാധകർ അന്പരപ്പോടെയാണ് കേട്ടത്.
ഇപ്പോഴും രാമന്റെ പ്രിയപ്പെട്ടവർ തെച്ചിക്കോട്ടുകാവ് ദേവസ്വം ഓഫീസിൽ വിളിച്ച് തെക്കേഗോപുര നട തുറക്കാൻ രാമചന്ദ്രൻ വരുമോ എന്നു ചോദിക്കുന്നുണ്ട്.
എന്നാൽ രാമൻ ഇത്തവണയുണ്ടാകില്ലെന്ന് ദേവസ്വക്കാർ മറുപടി നൽകുന്പോൾ ആരാധകർക്കെല്ലാം വിഷമം.
രാമനെ പൂരത്തലേന്ന് തൃശൂർക്ക് കൊണ്ടുവരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അതെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും രാമനെ എങ്ങോട്ടു കൊണ്ടുപോവുകയാണെങ്കിലും അക്കാര്യം വനംവകുപ്പിനെ രേഖാമൂലം അറിയിക്കുന്നതടക്കമുള്ള നടപടികളുണ്ടെന്നും തെച്ചിക്കോട്ടുകാവ് ദേവസ്വം മാനേജർ ജാഷിൻ പറഞ്ഞു.
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാതെ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രപറന്പിൽ തളച്ചിരിക്കുകയാണ് രാമനെ.
നല്ല ഭക്ഷണവും നടത്തവുമൊക്കെയായി രാമൻ ഉഷാറാണ്.
ഓരോ പതിനഞ്ചു ദിവസം കൂടുന്പോഴും മൂന്നു ഡോക്ടർമാർ വന്ന് ആനയെ പരിശോധിക്കും.
രാമനെ എഴുന്നള്ളിപ്പിന് അയക്കുമോ എന്ന് ചോദിച്ച് ജില്ലക്കകത്തു നിന്നും പുറത്തു നിന്നും ഇപ്പോഴും നിരവധി പേർ വിളിക്കുകയും നേരിട്ട് വരികയും ചെയ്യുന്നുണ്ട്.
എന്നാൽ നടപടിക്രമങ്ങൾ ഒരുപാടുള്ളതിനാലും നിയന്ത്രണങ്ങൾ പലതുള്ളതിനാലും എഴുന്നള്ളിപ്പുകൾ ഒന്നും തന്നെ എടുത്തിട്ടില്ല.
ദിവസവും ആറു കിലോയുടെ ചോറും ആറു കിലോ മട്ട അരിയുടെ കുത്തരികഞ്ഞിയും നൂറ്ററുപത് കിലോയോളും പുല്ലും രാമൻ തീറ്റയെടുക്കുന്നുണ്ട്.
കുത്തരി കഞ്ഞി കൊടുക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന വിദഗ്ധ നിർദ്ദേശത്തെ തുടർന്നാണ് കഞ്ഞി കൊടുത്തു തുടങ്ങിയത്. കഴിക്കുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും രാമന് കഞ്ഞി നല്ല ഇഷ്ടമായി.
റാഗി, ചെറുപയർ, ഗോതന്പു നുറുക്ക് എന്നിവ ഓരോ കിലോ വീതം നൽകുന്നുണ്ട്. ബോർവെല്ലിൽ നിന്നുള്ള വെള്ളം കുടിക്കാൻ ഇഷ്ടമില്ലാത്ത രാമന് ക്ഷേത്രം കിണറിൽ നിന്നാണ് യഥേഷ്ടം കുടിക്കാൻ വെള്ളം.
എഴുന്നള്ളിപ്പിന് പോകുന്പോൾ വെള്ളം ഇഷ്ടമായില്ലെങ്കിൽ മിനറൽ വാട്ടർ കാനിലോ അതുകിട്ടിയില്ലെങ്കിൽ കുപ്പിയിലോ മേടിച്ചാണ് കൊടുക്കാറുള്ളത്.
തെക്കേഗോപുരനട തള്ളിത്തുറന്ന് ആൾക്കൂട്ടത്തെ നോക്കി തുന്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന രാമന്റെ ദൃശ്യങ്ങൾ തന്നെയാണ് ഇപ്പോഴും തൃശൂർ പൂരം വരവായി എന്ന പേരിൽ വാട്സാപ്പുകളിൽ നിറയുന്നത്.
അതാണ് രാമൻ…. അസാന്നിധ്യത്തിലും നിറ സാന്നിധ്യമാകുന്ന രാമൻ….