സ്വന്തംലേഖകന്‍
കോഴിക്കോട്: കടലിന്റെ സൈന്യത്തിന് ഇനി പോലീസില്‍ നിയമനം. തീരദേശ പോലീസില്‍ വാര്‍ഡന്മാരായാണ് പരമ്പരാഗത മത്സ്യതൊഴിലാളികളെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറിക്കി. ഒരു വര്‍ഷത്തേക്കാണ് നിയമനം നല്‍കുന്നത്. ഇക്കാലയളവില്‍ 18,900 രൂപ പ്രതിമാസ വേതനം നല്‍കും. പരിശീലന കാലയളവിലും പ്രതിമാസ വേതനം ലഭിക്കും.
വിവിധ ജില്ലകളിലേക്കായി 200 ഒഴിവുകളാണുള്ളത്. കോഴിക്കോട്ട്-22, തിരുവനന്തപുരം-24, കൊല്ലം-22, ആലപ്പുഴ-22, എറണാകുളം-22,തൃശൂർ-22,മലപ്പുറം-22, കണ്ണൂർ-22, കാസർഗോഡ്-22 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇതില്‍ 145 പുരുഷന്മാരേയും 55 സ്ത്രീകളേയുമാണ് നിയമിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക യൂണിഫോം നല്‍കും. ഇവര്‍ സേനയുടെ പ്രവര്‍ത്തനത്തിന് സഹായകരമല്ലാതാവുകയോ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുകയോ പൊതു സുരക്ഷക്കെതിരായ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലോ നിയമനം റദ്ദാക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവില്‍ നിര്‍ദേശിച്ചു.
അപേക്ഷകര്‍ സത്യപ്രസ്ഥാവനയോടു കൂടിയ പ്രത്യേക ഫോറവും പൂരിപ്പിച്ച് നല്‍കണം. പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. കൂടാതെ കടലില്‍ നീന്താനുള്ള കഴിവ് നിര്‍ബന്ധമാണ്. ഉയര്‍ന്ന വിദ്യഭ്യാസ യോഗ്യതയ്ക്ക് വെയ്റ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കും.
പുരുഷന്മാര്ക്ക് 160 സെന്റീമീറ്ററും സ്ത്രീകള്‍ക്ക് 150 സെന്റീമീറ്ററും കുറഞ്ഞ ഉയരംവേണം. കാഴ്ച ശക്തിയും പ്രത്യേകമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. ശാരീരിക ന്യൂനതകളുള്ളവരെ ഒഴിവാക്കും. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച ഫിഷര്‍മെന്‍ സര്‍ട്ടിഫിക്കറ്റ്, 15 വര്‍ഷത്തെ നേറ്റിവിറ്റി (ഫിഷറീസ് വില്ലേജ്) സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ലഭ്യമാക്കേണ്ടതാണ്.
മാതൃജില്ലകളിലേക്ക് മാത്രമേ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. നീന്തലില്‍ പ്രാഥമിക പരീക്ഷയും ദേശീയ ശാരീരികയോഗ്യതാപരീക്ഷയിലും യോഗ്യത നേടിയിരിക്കണം. ഡിജിപി നിയോഗിക്കുന്ന സെലക്ഷന് കമ്മിറ്റി ട്രയല്‍സ് നടത്തി അര്‍ഹരെന്ന് കാണുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍ ടെസ്റ്റ് പാസാകുന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്.
തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ജീവന് രക്ഷാ, ദുരന്തനിവാരണ പ്രവര്‍ത്തനം എന്നിവയടക്കമുള്ള നാലുമാസത്തെ നിര്‍ബന്ധ പരിശീലനം വിജയകമരമായി പൂര്‍ത്തിയാക്കുന്നവരെ ബന്ധപ്പെട്ട തീരദേശ പോലീസ് സ്റ്റേഷനുകളില്‍ കോസ്റ്റല്‍ വാര്ഡന്മാരായി നിയമിക്കും.