കടുത്തുരുത്തി: പ്രളയദുരന്തത്തിന് പിന്നാലെ ആറിന്റെ തീരം ഇടിയുന്നത് നിർധന കുടുംബത്തിന്റെ ജീവിതം ദുരിതത്തിലാക്കുന്നു. ഏനാദി മൂലേക്കടവിന് കിഴക്കുവശം മൂവാറ്റുപുഴയാറിന്റെ തീരപ്രദേശമാണ് വ്യാപകമായി പുഴയിലേക്ക് ഇടിയുന്നത്. ഏനാദി അറുകാട്ടിൽ ശേഖരനും കുടുംബത്തിനും ആകെയുണ്ടായിരുന്ന 28 സെന്റിൽ പത്ത് സെന്േറാളം സ്ഥലം പുഴയിലേക്ക് ഇടിഞ്ഞു പോയി.
ഈ ഭാഗത്ത് നിന്നിരുന്ന ആഞ്ഞിലി അടക്കമുള്ള മരങ്ങളും പുഴയിലേക്ക് മറിഞ്ഞു. ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായാതായി ശേഖരൻ പറയുന്നു. വീടുൾപെടെയുള്ള ശേഷിക്കുന്ന ഭാഗവും ഏതുസമയവും ആറ്റിലേക്ക് ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്.
കൂലിപണിക്കാരനായ ശേഖരൻ ബാങ്കിൽ നിന്നും വായ്പയെടുത്താണ് ചെറിയൊരു വീട് നിർമിച്ചത്. ഈ മേഖലയിൽ നിരവധി കുടുംബങ്ങളാണ് തീരമിടിച്ചിൽ ഭീഷണി നേരിടുന്നത്. തീരമിടിച്ചിൽ വ്യാപകമായ ഇവിടെ കരിങ്കൽ ഭിത്തി നിർമിച്ചു ഭൂമിക്ക് സംരക്ഷണം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വെള്ളപ്പൊക്കത്തിൽ സ്ഥലം നഷ്ടപ്പെട്ട ശേഖരന്റെ കുടുംബത്തിന് സർക്കാർ ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.