മികച്ച നാടകത്തിനും, നടനുമുള്ള 2009-ലെ സംസ്ഥാന അവാർഡ് നേടിയ രാജൻ കിഴക്കനേല യുടെ വിശപ്പിന്റെ പുത്രൻ എന്ന നാടകം സിനിമയാകുന്നു. 500-ൽ പരം സ്റ്റേജുകളിലൂടെ പ്രേക്ഷകരുടെ മനസു കീഴടക്കിയ ഈ നാടകം തീറ്റപ്പാക്കൻ എന്ന പേരിലാണ് സിനിമയാകുന്നത്.
രാജസേനൻ, ഹരികുമാർ എന്നിവരുടെ സംവിധായക സഹായിയായിരുന്ന വേണു കുളമടയിൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രാജൻ കിഴക്കനേല തന്നെ രചന നിർവഹിക്കുന്നു. കാവാലത്തിന്റെ പ്രഥമ ശിഷ്യന്മാരിൽ ഒരാളും, ഫ്ളവേഴ്സ് ടി.വി.യിലൂടെ ഹിറ്റായ ഉപ്പും മുളകും സീരിയലിലെ ബാലുവിനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ ബിജു സോപാനം ആണ് തീറ്റപ്പാക്കനിലെ ടൈറ്റിൽ കഥാപാത്രമായ പാക്കരനെ അവതരിപ്പിക്കുന്നത്.
സൈറ ഭാനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിജു സോപാനം ആദ്യമായാണ് ഒരു ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കൊല്ലത്ത് പുരോഗമിക്കുന്നു. ശാപ്പാട് രാമനായ പാക്കരന്റെ കഥ വ്യത്യസ്തമായ രീതിയിലാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. -അയ്മനം സാജൻ