ടോക്കിയോ: ജപ്പാനിൽ വീട് കുത്തിപ്പൊളിച്ചു കവർച്ച നടത്തിയതിന് മൂന്നംഗ കവർച്ചാസംഘത്തെ പോലീസ് പിടികൂടി. തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതികളെ കണ്ട നാട്ടുകാർ അന്പരന്നുനിന്നു. പരസഹായമില്ലാതെ നടക്കാന്‍ പറ്റാത്ത മൂന്നു വയോധികർ.
സംഘത്തലവനായ ഹിഡിയോ ഉമിനോയുടെ വയസ് എൺപത്തിയെട്ട്. എഴുപതുകാരനായ ഹിഡെമി മത്സുഡ, അറുപത്തിയൊന്‍പതുകാരനായ കെനിച്ചി വാടാനബെ എന്നിവർ കൂട്ടുപ്രതികൾ. “മുത്തച്ഛന് ഗാംഗ്’ (Grandpa Gang) എന്ന പേരിൽ ജപ്പാനിൽ ഈ കവർച്ചാസംഘം വൈറലായിരിക്കുകയാണ്.
മൂന്നുപേരും മുൻപ് പല കുറ്റങ്ങള്‍ക്കായി ജയിലിൽ ഒരുമിച്ചു കഴിഞ്ഞിരുന്നു. അതിനിടെ അവർ സുഹൃത്തുക്കളായി. അവിടെവച്ചു കവർച്ചാസംഘം രൂപീകരിച്ച മൂവരും, ജയിലിൽനിന്നിറങ്ങിയ ഉടൻ മോഷണവും തുടങ്ങി. ആളൊഴിഞ്ഞ വീടുകളാണ് പ്രധാനമായും ലക്ഷ്യം വച്ചത്.
കഴിഞ്ഞ മേയിൽ സപ്പോറോ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിൽ കയറിയെങ്കിലും മെച്ചമൊന്നുമുണ്ടായില്ല. മൂന്നു കുപ്പി വിസ്കിയടക്കം 5,458 രൂപയുടെ സാധനങ്ങളാണ് ആകെ കിട്ടിയത്.
ഇതിന്റെ നിരാശയില്‍ പ്രദേശത്തെ ആളൊഴിഞ്ഞ മറ്റൊരു വീട്ടിൽ കയറി. അവിടന്നു കിട്ടിയതാകട്ടെ 5,45,800 രൂപ വിലമതിക്കുന്ന 24 ആഭരണങ്ങൾ. സിസിടിവിയിൽനിന്ന് ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചതിനാൽ താമസിയാതെതന്നെ ഇവർ പോലീസ് പിടിയിലാവുകയായിരുന്നു.
ഉപജീവനത്തിനായാണു കവർച്ച നടത്തിയതെന്നായിരുന്നു ഇവരുടെ മൊഴി. 65 വയസിന് മുകളിൽ പ്രായമുള്ളവര്‍ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന്റെ അനുപാതം ജപ്പാനിൽ കുതിച്ചുയരുകയാണെന്നു പറയുന്നു. 1989ൽ 2.1 ശതമാനമായിരുന്നത് 2019ൽ ആയപ്പോഴേക്കും 22 ശതമാനമായിരുന്നു.
അത് ഓരോവർഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഏകാന്തതയും ദാരിദ്ര്യവുമാണ് ഈ പ്രവണതയ്ക്ക് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ജപ്പാനിലെ 125 ദശലക്ഷം ജനസംഖ്യയിൽ 29.1 ശതമാനം പേർ 65 വയസിന് മുകളിലുള്ളവരാണ്. പത്തിൽ ഒരാൾ 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.