കോഴിക്കോട്: വാഹനമോഷണത്തിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിക്കുന്ന അന്തർ ജില്ലാ മോഷണസംഘം പിടിയിൽ. ചാത്തമംഗലം അരക്കംപറ്റ വാലിക്കൽ വീട്ടിൽ രവിരാജ് (സെങ്കുട്ടി-24), പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ എന്നിവരെയാണ് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നു പിടികൂടിയത്.
ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കുകൾ മോഷണംപോയ സംഭവത്തിന്റെ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. ഫറോക്കിൽനിന്നു മോഷ്ടിച്ച ബൈക്കുമായാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
കുന്നമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ രവിരാജ് കുട്ടികളെ മോഷണത്തിനുപയോഗിക്കുന്ന വിവരം ലഭിച്ച ഫറോക്ക് ക്രൈം സ്ക്വാഡ്, പ്രതികളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ രഹസ്യമായി നിരീക്ഷിച്ചാണ് വലയിലാക്കിയത്.
ആഡംബര ജീവിതം വാഗ്ദാനം ചെയ്താണ് രവിരാജ് കുട്ടികളെ മോഷണത്തിലേക്ക് ആകർഷിച്ചിരുന്നത്. നാലായിരം രൂപമുതൽ പതിനായിരം രൂപവരെ മോഷ്ടിച്ച വാഹനങ്ങൾക്ക് കുട്ടികൾക്കു വിലയായി നൽകും. മാഹിയിലേക്കും കണ്ണൂരിലേക്കുമാണ് വാഹനങ്ങൾ കടത്തുന്നത്.
ആവശ്യക്കാരെ കണ്ടെത്തിയ ശേഷമാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. ആവശ്യക്കാർ മോഡലും നിറവും വർഷവും നമ്പർ സീരീസും പറഞ്ഞാൽ കൃത്യസമയത്ത് ഡെലിവറി നടത്തുന്നതാണ് രീതി. വിൽക്കുന്ന വാഹനങ്ങളുടെ ആർസി രണ്ട് മാസത്തിനുള്ളിൽ ശരിയാക്കി തരാം എന്ന വാഗ്ദാനവും നൽകും.
രവിരാജിനെതിരേ കുന്നമംഗലം സ്റ്റേഷനിൽ മൂന്ന് വാഹന മോഷണക്കേസുകളും എക്സൈസിൽ മയക്കുമരുന്ന് കേസുമുണ്ടെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും രവിരാജും സംഘവും കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ആറ് ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്.
പിടിയിലായ കുട്ടികളിൽ ഒരാൾക്ക് ടൗൺ, വെള്ളയിൽ, ചേവായൂർ പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് വാഹനമോഷണക്കേസുണ്ട്. മോഷ്ടിച്ച മറ്റു ബൈക്കുകൾ കണ്ടെത്താൻ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
സ്വന്തം ലേഖകന്