കൊയിലാണ്ടി: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 62 ലക്ഷം രൂപ കള്ളക്കഥയുണ്ടാക്കി തട്ടിയെടുത്ത സംഭവത്തില്‍ ആറേകാല്‍ ലക്ഷത്തോളം രൂപ രണ്ടുദിവസത്തെ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു. രണ്ടാം പ്രതി താഹ തിക്കോടിയിലെ കാത്തലിക് സിറിയൻ ബാങ്കില്‍ നല്കിയ അഞ്ച് ലക്ഷത്തിലേറെ രൂപയും താഹയുടെ ഭാര്യയുടെ പക്കല്‍നിന്ന് ഒരുലക്ഷം രൂപയുമാണ് കണ്ടെടുത്തത്.
നേരത്തെ വില്യാപ്പിള്ളിയിലെ ഒരു ആരാധാനാലയത്തില്നിന്നു 37 ലക്ഷം രൂപയും താഹ മറ്റൊരാള്‍ക്ക് നല്കിയ അഞ്ച് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു. തെളിവെടുപ്പിനുശേഷം പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. പയ്യോളി ബീച്ച് സുഹാന മന്‍സില്‍ സുഹൈല്‍, തിക്കോടി കോടിക്കല്‍ ഉമ്മര്‍ വളപ്പില്‍ താഹ, തിക്കോടി കോടിക്കല്‍ പുളിവളപ്പില്‍ യാസര്‍ എന്നിവരെയാണ് വീണ്ടും റിമാന്‍ഡ് ചെയ്തത്.
സുഹൈലിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നു എന്നായിരുന്നു പരാതി. സുഹൈലിനെ കൈയുംകാലും കെട്ടിയത് കോഴിക്കോട് വെസ്റ്റ് ഹില്‍ ബീച്ച് റോഡ് സൈഡില്വച്ചാണെന്ന് പ്രതികള്‍ സമ്മതിച്ചു. കെട്ടാനായി ചൂടിയും ദേഹത്ത് വിതറാന്‍ മുളകുപൊടിയും വാങ്ങിയ മൂടാടിയിലെയും ചെങ്ങോട്ടുകാവിലെയും കടകള്‍, കൊയിലാണ്ടിയിലെ ഫെഡറല്‍ ബാങ്ക്, അരിക്കുളം എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ചയാണ് പ്രതികളെ കോടതി മൂന്നു ദിവസേത്തേത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയിരുന്നത്.
തിക്കോടി കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി ബീച്ച്, ബാഗും പര്‍ദയും ഉപേക്ഷിച്ച തുറശേരികടവ് പാലം എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊയിലാണ്ടി സിഐ, ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
സംഭവം നടന്ന അരിക്കുളം ഭാഗത്ത് നിന്നു മുതല്‍ കാട്ടിലപീടികവരെ നൂറോളം സിസിടിവികള്‍ പരിശോധിച്ചു. സുഹൈലിന്റെ കാറിനു പിന്നിലായി കവര്‍ച്ചാ സംഘത്തിലുള്ളവര്‍ പിന്തുടര്ന്നതായി ദൃശ്യങ്ങളില്‍ കണ്ടതോടെ പോലീസിനു കാര്യങ്ങള്‍ വ്യക്തമായി. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുഹൈല്‍ സഹകരിച്ചിരുന്നില്ല. പോലീസിന് കാര്യങ്ങള്‍ വ്യക്തമായി എന്നറിഞ്ഞതോടെയാണ് സുഹൈല്‍ എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്നു പറഞ്ഞത്. വണ്‍ ഇന്ത്യ എടിഎം കമ്പനിയുടെതായിരുന്നു പണം.
സാധാരണയായി ബൈക്കിലാണ് പണം കൊണ്ടു പോകാറുള്ളത്. അന്നേ ദിവസം കാറിലാണ് പോയത്.
സുഹൈല്‍ ഒറ്റയ്ക്കായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. 62ലക്ഷം രൂപ ബാങ്കുകളില്‍നിന്നു സുഹൈല്‍ പിന്‍വലിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 62 ലക്ഷം രൂപയാണ് കൃത്യമായി നഷ്ടമായത്. എന്നാൽ, എടിഎം കരാര്‍ എടുത്ത മുഹമ്മദ് 72 ലക്ഷം രൂപ പോയതായാണ് പോലീസില്‍ മൊഴി നല്‍കിയത്.