കടുത്തുരുത്തി: സോഡ കുടിക്കാനെത്തി കടയുടമയായ വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞയാളെ പിടികൂടി. തലയോലപ്പറമ്പ് പൊതി പുളിക്കല്‍ ബിജോ പി. ജോസി(40) നെയാണു പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന് ആയാംകുടി എരുമത്തുരുത്ത് അമ്പാട്ടുകാവ് ഭഗവതി ക്ഷേത്രത്തിനു സമീപം കട നടത്തുന്ന പുത്തന്‍പുരയില്‍ സുമതിയമ്മ (78) യുടെ ഒന്നര പവന്റെ സ്വര്‍ണ മാലയാണ് ഇയാള്‍ പൊട്ടിച്ചെടുത്തത്.
ചുവന്ന സ്കൂട്ടറിലെത്തിയ യുവാവ് ജല അഥോറിറ്റിയിലെ ജോലിക്കാരനാണെന്നും പൈപ്പ് പൊട്ടിയതു നന്നാക്കാനെത്തിയതാണെന്നും പരിചയപ്പെടുത്തിയാണു സോഡ ആവശ്യപ്പെട്ടത്. തൊപ്പിയും കണ്ണടയും മാസ്കും ധരിച്ചിരുന്ന ഇയാള്‍ മാസ്ക് കുറച്ച് മാറ്റി സോഡാ കുടിച്ചശേഷം കുപ്പി തിരികെ നല്‍കുകയും ഒരു സെല്‍ഫി എടുക്കാമെന്നു കടയുടമയോടു പറയുകയും ചെയ്തു.
സെല്‍ഫി എടുക്കാന്‍ സമ്മതിക്കാതിരുന്ന കടയുടമ കുപ്പിയെടുത്തു താഴെ ഇരുന്ന സോഡാപ്പെട്ടിയിലേക്കു വയ്ക്കുന്നതിനിടെയില്‍ മാല പൊട്ടിച്ചു സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടി കടയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കടുത്തുരുത്തി എസ്ഐ സി.ആര്. സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.