തലശേരി: ചിറക്കരയിൽ വീടിന്റെ വാതിലും ഗ്രിൽസും തകർത്ത് വീട്ടമ്മയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങളും പണവും എടിഎം കാർഡുകളും കൊള്ളയടിച്ചു. കെ.ടി.പി. മുത്തിലെ ഫിഫാസ് വീട്ടിൽ ചെറുവക്കര അഫ്സത്താണ് (68) കൊള്ളയടിക്കപ്പെട്ടത്. ഇന്നു പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
വാതിലും ഗ്രിൽസും തകർന്ന രണ്ടംഗ കൊള്ള സംഘം താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ഹൃദ്രോഗിയായ അഫ്സത്തിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ശബ്ദമുണ്ടാക്കുന്നത് തടയാൻ വായിൽ തുണി തിരുകി കസാലയിൽ ഇരുത്തിച്ച ശേഷമാണ് കൊള്ളയടിച്ചത്.
ഇവർ ധരിച്ചിരുന്ന മാലയും വളയുമുൾപ്പെടെ ഏഴ് പവൻ സ്വർണം കൈക്കലാക്കിയശേഷം പതിനായിരം രൂപയും എടിഎം കാർഡും സൂക്ഷിച്ച രണ്ടു പേഴ്സുകളും കൊള്ളയടിച്ചു. ബഹളം കേട്ട് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകൾ അൻസിലി, പേരകുട്ടി ഇഷ എന്നിവർ താഴെ വന്നു നോക്കിയപ്പോഴാണ് അഫ്സത്തിനെ വായിൽ തുണി തിരുകയി നിലയിൽ കസാരയിൽ ഇരുത്തിയ നിലയിൽ കാണുന്നത്.
ഇതിനകം കൊള്ള സംഘം രക്ഷപ്പെട്ടിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് മുഖം മൂടിയ നിലയിലാണ് മോഷ്ടാക്കളെത്തിയതെന്ന് അഫ്സത്ത് പറഞ്ഞു. തലശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്ത വീട്ടിലും കവർച്ചാ ശ്രമം നടന്നിട്ടുണ്ട്.