തൊടുപുഴ: സർക്കാരിന്റെ താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ പങ്കെടുത്തു മടങ്ങിയ താലൂക്ക് സർവേയറുടെ സ്വർണാഭരണങ്ങൾ സ്വകാര്യബസിൽ അപഹരിച്ചു.
തൊടുപുഴ താലൂക്ക് സർവേയറായ ഏനാനല്ലൂർ അന്പാട്ടുമോളയിൽ അജിത പുരുഷോത്തമന്റെ 2,82,000 രൂപയുടെ 45 ഗ്രാം സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്.
സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 15ന് മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടന്ന താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ പങ്കെടുത്തു മടങ്ങിയപ്പോഴായിരുന്നു മാലയും മോതിരവും കമ്മലും ഉൾപ്പെടെയുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടത്.
ഉച്ചയ്ക്ക് 1.30 ഓടെ മങ്ങാട്ടുകവലയിലുള്ള സെൻട്രൽ ബാങ്കിൽ പോകുന്നതിനായി അജിത വെങ്ങല്ലൂർ ഷാപ്പുംപടി ഭാഗത്തുനിന്നു സ്വകാര്യബസിൽ കയറി കാഞ്ഞിരമറ്റം ജംഗ്ഷനിലിറങ്ങി. പിന്നീട് മങ്ങാട്ടുകവലയിലുള്ള ബാങ്കിലെത്തി ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിക്കുന്നതിനായി ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടമായെന്നു മനസിലായത്.
പിന്നീട് തൊടുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു. തിരക്കുള്ള ബസിൽ കയറിയതിനാൽ ആഭരണങ്ങൾ കൈയിൽനിന്നു നഷ്ടമായെന്നാണ് ആദ്യം കരുതിയത്.
എന്നാൽ, ഇവർ നടത്തിയ പരിശോധനയിൽ ചില കടകളിൽനിന്നു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതിൽനിന്നു സംശയാസ്പദമായ നിലയിൽ മാസ്ക് ധരിച്ചു നടന്നു പോകുന്ന മൂന്നു സ്ത്രീകളുടെ ദൃശ്യങ്ങൾ കണ്ടെത്തി.
ബസിൽനിന്നിറങ്ങിയ ഇവർ തിരിഞ്ഞുനോക്കി വേഗത്തിൽ നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ ഇവർ ഓട്ടോയിലാണ് നഗരത്തിൽനിന്നു പോയതെന്നു വ്യക്തമായി. ഓട്ടോയുടെ നന്പർ കണ്ടെത്തിയ പോലീസ് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ സ്്ത്രീകളെ മുട്ടം ടൗണിൽ ഇറക്കിവിട്ടതായി മൊഴി നൽകി.
തിരക്കേറിയ ബസുകളിൽ മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ട സ്ത്രീകളാണ് ഇവരെന്നു സൂചന ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.