കൊയിലാണ്ടി: എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം ആസൂത്രിതമായി തട്ടിയെടുത്ത കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. നിലവില്‍ നഷ്ടപ്പെട്ട 72.40 ലക്ഷം രൂപയില്‍ 37 ലക്ഷം മാത്രമേ കണ്ടെടുക്കാനായുള്ളു.
ബാക്കി തുക ആര്‍ക്കെല്ലാം കൊടുത്തു, പണം തട്ടല്‍ മാത്രമായിരുന്നോ ഇവരുടെ ലക്ഷ്യം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് 28ന് അപേക്ഷ നല്‍കും.
എടിഎമ്മിൽ നിറയ്ക്കുന്നതിന് 72.40 ലക്ഷം രൂപയാണ് മുഖ്യപ്രതിയായ സുഹൈലിന്റെ പക്കലുണ്ടായിരുന്നതെന്ന് പയ്യോളി സ്വദേശിയായ ഫ്രാഞ്ചൈസിയും ഇന്ത്യാ വൺ എടിഎമ്മിന്റെ മാനേജരും പോലീസിനെ അറിയിച്ചിരുന്നു. ഇതിൽ 37 ലക്ഷം പ്രതികളിലൊരാളായ തിക്കോടി ആവിക്കൽ ഉമ്മർ വളപ്പിൽ മുഹമ്മദ് താഹ (27) താത്കാലികമായി ജോലിചെയ്ത കെട്ടിടത്തിലെ മൂന്നാം നിലയിലെ മച്ചിൽനിന്നു കണ്ടെടുത്തിരുന്നു. കവർച്ചചെയ്ത പണമെല്ലാം കൈകാര്യംചെയ്തത് താഹയാണ്.
തിക്കോടിയിലെ ബാങ്കിൽ പണയംവച്ച സ്വർണം തിരിച്ചെടുക്കുന്നതിനായി അഞ്ചുലക്ഷം രൂപ നൽകിയെന്ന് ഇയാൾ മൊഴിനൽകിയിരുന്നു. വഇവരെ കസ്റ്റഡിയിൽ കിട്ടിയതിനുശേഷമേ ഈ തുക തിരിച്ചെടുക്കാൻ കഴിയൂ. ഇയാൾ പലർക്കും പണം നൽകിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
ബാങ്കിൽ അടച്ചതിനുപുറമെ അഞ്ചുലക്ഷം രൂപ മറ്റൊരാൾക്ക് കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരനും പ്രധാന സൂത്രധാരനുമായ ആവിക്കൽ റോഡ് സുഹാന മൻസിൽ സുഹൈൽ (25), കൂട്ടുപ്രതിയും വിദ്യാർഥിയുമായ തിക്കോടി പുതിയവളപ്പിൽ മുഹമ്മദ് യാസർ (21) എന്നിവരും താഹയും റിമാൻഡിലാണ്.
കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ഒരുസംഘം ആളുകള്‍ പണം കവരുകയായിരുന്നുവെന്നായിരുന്നു സുഹൈല്‍ തുടക്കത്തില്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുഹൈല്‍ നടത്തിയ ഗൂഡാലോചനയായിരുന്നു ഇതിനുപിന്നിലെന്ന് മനസിലാകുകയും കൂട്ടുപ്രതികളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
രണ്ടുകോടി രൂപവരെ എടിഎമ്മിൽ നിറയ്ക്കാനായി കമ്പനി ഫ്രാഞ്ചൈസിക്ക് നൽകാറുണ്ട്. സുരക്ഷാ സംവിധാനമൊന്നും ഒരുക്കാതെയാണ് എടിഎമ്മുകളിൽ പണം നിറയ്ക്കാനായി ജീവനക്കാരെ അയക്കാറ്. മിക്കവാറും ടൂവീലറിലാണ് തുകയുമായി സഞ്ചരിക്കാറെന്നും സുഹൈൽ സമ്മതിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍