കോഴിക്കോട്: കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്ലെറ്റിൽ മോഷണം സ്ഥിരമാക്കിയ‘കള്ളന്മാർ’ പിടിയിലായി. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവർന്ന നാലുപേരിൽ രണ്ട്പേരാണ് അറസ്റ്റിലായത്.
അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റുചെയ്തത്. മറ്റ് രണ്ട് പോർക്കുമായി അന്വേഷണം ഊർജിതമാക്കി. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. ഏറ്റവും തിരക്കനുഭവപ്പെടുന്ന മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും രാത്രി എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിക്കള്ളന്മാരുടെ വിളയാട്ടം.
ഈ ദിവസങ്ങളിൽ ബിവറേജസ് ഔട്ട്ലെറ്റ് മാനേജർ അവധിയിലായിരുന്നു. ലീവ് കഴിഞ്ഞ് തിരികെയെത്തിയ മാനേജർ കണക്കുകൾ പരിശോധിച്ചപ്പോഴാണ് കുപ്പികളിലെ കുറവ് കണ്ടെത്തിയത്. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് കുപ്പി മോഷ്ടാക്കളെ കണ്ടത്. 3000 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇവർ മോഷ്ടിച്ചത്.
നാല് പേരിൽ രണ്ട് പേർ മാത്രമാണ് പിടിയിലായത്. മറ്റ് രണ്ടുപേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും അടുത്തദിവസങ്ങളിലായി പിടികൂടുമെന്നും പോലീസ് അറിയിച്ചു.