ഫഹദ് ഫാസിൽ നായക വേഷത്തിലെത്തിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമ ഇഷ്ടപ്പെടാത്തവർ കുറവാണ്. സിനിമ കണ്ടപ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മുടെ ജീവിതത്തിലും ഇത്തരമൊരു അവസ്ഥ വരുമെന്ന്? വന്നില്ലല്ലോ പിന്നെ ചിന്തിക്കണ്ട കാര്യമില്ലല്ലോ എന്നാകും മിക്ക ആളുകളും പറയുന്നത്. എന്നാൽ അത്തരമൊരു സംഭവം ഉണ്ടായിരിക്കുകയാണ് പാലക്കാട്.
ആലത്തൂർ മേലാർകോട് വേലയ്ക്കിടെ മോഷണം നടത്തിയ മാല പ്രതി വിഴുങ്ങി. അതോടെ തൊണ്ടി കണ്ടെത്താൻ കഴിയാതെ വലഞ്ഞിരിക്കുകയാണ് പോലീസ്. രണ്ടു ദിവസം മുമ്പാണ് സംഭവം.
തമിഴ്നാട് മധുര സ്വദേശിയായ മുത്തപ്പനാണ് വേലയ്ക്കിടെ മാല മോഷ്ടിച്ച് വിഴുങ്ങിയത്. ആശുപത്രിയിൽവച്ച് നടത്തിയ എക്സ്-റേ പരിശോധനയിൽ പ്രതിയുടെ വയറ്റിൽ മാലയുള്ളതായി കണ്ടെത്തി.
പ്രതിയുടെ വയറിളക്കി മാല പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ പോലീസ് നിരീക്ഷിച്ചുവരികയാണ്. മറ്റു വഴികളില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കാനാണ് പദ്ധതി.