കായംകുളം: ബൈക്കിൽ കറങ്ങി മൊബൈൽ ഫോൺ പിടിച്ചുപറിക്കുന്ന യുവാക്കൾ അറസ്റ്റിൽ. കായംകുളം പത്തിയൂർ എരുവ കുട്ടേത്ത് തെക്കതിൽ ബിലാദ് (20), കീരിക്കാട് തെക്കുമുറിയിൽ എരിയപുറത്ത് വീട്ടിൽ ഷിഹാസ് (20), പത്തിയൂർ എരുവ വലിയത്ത് കിഴക്കതിൽ വീട്ടിൽ അജിംഷാ (20) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഓച്ചിറ- ചൂനാട് റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് കെഎൽ 23- 9874 നമ്പർ മോട്ടർസൈക്കിളിൽ എത്തിയ സംഘം കൃഷ്ണപുരം മുളവേലിൽ വടക്കതിൽ ആദിത്യൻ (17) സൈക്കിൾ ചവിട്ടി വരുമ്പോൾ ബൈക്ക് കുറുകെ നിർത്തി ആദിത്യനെ തടഞ്ഞു ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 28,000 രൂപ വിലവരുന്ന സാംസംഗ് കമ്പനിയുടെ എ52 മോഡൽ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്.
ഇവർ നിരവധി മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.കായംകുളം ഡിവൈഎസ്പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ് ഐ ഉദയകുമാർ.വി , പോലീസ് ഉദ്യോഗസ്ഥരായ ദീപക്. ജി, ഷാജഹാൻ, സബീഷ്, ഫിറോസ് എ.എസ്, മുഹമ്മദ് ഷാൻ, ദീപക് വാസുദേവൻ, സുന്ദരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.