അഞ്ചല്‍ : അടുത്ത ദിവസങ്ങളിലായി രണ്ടു കവര്‍ച്ചകളിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തട്ടുകട നടത്തുന്ന ഹോട്ടല്‍ ഉടമയായ വീട്ടമ്മയുടെ മൂന്നുപവന്‍ തൂക്കം വരുന്ന മാല പോട്ടിച്ചതും പട്ടാപ്പകല്‍ സ്കൂട്ടര്‍ കവര്‍ച്ച ചെയ്ത സംഭവങ്ങളാണ് കുളത്തുപ്പുഴ പോലീസിനെ കുഴക്കുന്നത്.
കഴിഞ്ഞ മാസം 30 നാണ് കുളത്തുപ്പുഴ മുസ്ലീം പള്ളിക്ക് എതിര്‍വശത്ത് ഹോട്ടല്‍ നടത്തുന്ന ഷാഹിദ ബീവിയുടെ മാല അപഹരിച്ചത്. പുലര്‍ച്ചയോടെ ബൈക്കില്‍ എത്തിയ സംഘം അല്‍പ്പം മാറി ബൈക്ക് നിര്‍ത്തി. ഇതില്‍ നിന്നും ഒരു യുവാവ് എത്തി സിഗരറ്റ് ആവശ്യപ്പെട്ടു.
എന്നാല്‍ ഇയാള്‍ ചോദിച്ച കമ്പനിയുടെ സിഗരറ്റ് ഇല്ലാന്ന് ഷാഹിദ പറഞ്ഞു. സുഹൃത്തുക്കളോട് ചോദിച്ചിട്ട് വരാം എന്ന് പറഞ്ഞു പോയ യുവാവ് പിന്നീട് തിരികെ എത്തി വീണ്ടും സിഗരറ്റ് ആവശ്യപ്പെടുകയും എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടയില്‍ കയറി യുവാവ് ഷാഹിദയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. ഓട്ടത്തിനിടെ കടയ്ക്ക് മുന്നില്‍ വീണ യുവാവ് ഒരു ചെരുപ്പ് ഉപേക്ഷിച്ചാണ് വീണ്ടും ബൈക്കില്‍ കയറി കടന്നു കളഞ്ഞത്. പിടിവലിക്കിടെ ഷാഹിദയുടെ കഴുത്തിന് പരിക്കേറ്റിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് മുസ്ലീം പള്ളിക്ക് സമീപം കുലകച്ചവടം നടത്തുന്ന ഷാജഹാന്റെ ഉടമസ്ഥയിലുള്ള കെഎല്‍ 25 എം 3550 എന്ന നമ്പരുള്ള സ്കൂട്ടര്‍ കവര്‍ച്ച ചെയ്തത്. ഇരു കേസുകളിലും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
രണ്ടു കവര്‍ച്ചകളും പട്ടണത്തില്‍ തന്നെ നടന്നു എന്നത് തന്നെ പോലീസിനെ കുഴയ്ക്കുകയാണ്. ഇതുകൊണ്ട് തന്നെ പ്രതികളെ വേഗത്തില്‍ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. സ്കൂട്ടര്‍ മോഷണത്തില്‍ പ്രതിയായ യുവാവിനെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കുളത്തുപ്പുഴ ടൗണില്‍ അടക്കം രാത്രികാല നിരീക്ഷണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണിപ്പോള്‍