പട്ന: മോഷണക്കുറ്റം ആരോപിച്ച് 12കാരനെ സംഘം ചേർന്ന് റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടു മർദ്ദിച്ചു. ബിഹാറിലെ ബഗുസാരിയിലാണു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട കുട്ടിയെ ഒരാൾ വലിയ വടികൊണ്ട് അടിക്കുന്നതു കാണാം.
കുട്ടി കടയിൽനിന്നു സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. തുടർന്ന് ഒരുകൂട്ടം ആളുകൾ ചേർന്നു കുട്ടിയെ പിടികൂടി റെയിൽവേ ട്രാക്കിൽ എത്തിച്ചു കെട്ടിയിട്ടു മർദിക്കുകയായിരുന്നു.
കുട്ടിയെ പോലീസ് എത്തി രക്ഷിക്കുകയായിരുന്നു. കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ആളുകൾ സംഘംചേർന്നു കുട്ടിയെ കെട്ടിയിട്ടു മർദിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവു പറഞ്ഞു.