പാലാ: നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. കൊല്ലം ഉളിയനാട് കുളത്തൂര്‍ക്കോണം ഭാഗത്ത് പുത്തന്‍കുളം നന്ദുഭവനില്‍ ബാബു (തീവെട്ടി ബാബു 61) വാണ് പാലാ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി ഭരണങ്ങാനത്ത് കട കുത്തിപ്പൊളിച്ച് മോഷണം നടത്തുകയും ഈരാറ്റുപേട്ടയില്‍നിന്നും സ്കൂട്ടര്‍ മോഷ്ടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് തീവെട്ടി ബാബുവാണെന്ന് കണ്ടെത്തി.
തുടര്‍ന്നു ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും അതിസാഹസികമായി പിടികൂടുകയായിരുന്നു.
നാലുകിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിന് നെയ്യാറ്റിന്‍കര ജയിലില്‍ ശിക്ഷയനുഭവിക്കുന്ന തന്റെ മകനെ കാണാനെത്തിയതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളില്‍ പ്രതിയാണ് ബാബു. എസ്എച്ച്ഒമാരായ കെ.പി. ടോംസണ്, ബാബു സെബാസ്റ്റ്യന്‍, എസ്ഐമാരായ എം.ഡി. അഭിലാഷ്, സിപിഒമാരായ ജോബി, ജോഷി മാത്യു, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.