തലശേരി: മോഷ്ടിക്കാനായി ഇരുനില വീടിന്റെ ടെറസിൽ കയറുകയും നാട്ടുകാർ കണ്ടതിനെത്തുടർന്ന് താഴേക്ക് ചാടുകയും ചെയ്ത നേപ്പാൾ സ്വദേശി മരിച്ചു. നേപ്പാൾ കച്ചൻപൂർ ചിൽമാല ചൗക്കിൽ രാജേന്ദ്രബുഡയാണ് (50) കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്.
ഇരുനില വീടിന്റെ മുകളിൽനിന്നു വീണ് തുടയെല്ലും വാരിയെല്ലുകളും തകർന്ന് ചികിത്സയിലായിരുന്നു. നേപ്പാളിൽനിന്നു ബന്ധുക്കൾ കോഴിക്കോട് എത്തിയിട്ടുണ്ട്. കുറച്ചു നാളുകളായി ഇയാളെ കാണാതായിട്ടെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് എയർഫോഴ്സിൽ നിന്നു വിരമിച്ച രാജേഷ് എന്നയാളുടെ തലശേരി ടെമ്പിൾ ഗേറ്റിലെ തപസ്യ എന്ന ഇരുനില വീടിന്റെ മുകളിൽ ഇരുമ്പുവടിയുമായ ദുരൂഹ സാഹചര്യത്തിൽ ഇയാൾ നിൽക്കുന്നത് നാട്ടുകാർ കാണുന്നത്. വിവരമറിഞ്ഞ് ആളുകൾ തടിച്ചു കൂടിയതോടെ ഇയാൾ ടെറസിനു മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.
കൈകൾ ഒടിഞ്ഞ നിലയിലാണ് ഇയാളെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വിശദമായ പരിശോധനയിൽ മറ്റ് സാരമായ പരിക്കുകൾ ഉള്ളതായും കണ്ടെത്തി. തുടർന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. പരിശോധനയിൽ തുടയെല്ലും വാരിയെല്ലുകളും തകർന്നതായി കണ്ടെത്തി. സ്ഥിതി കൂടുതൽ ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു.
ടെമ്പിൾ ഗേറ്റിലെ വീടിനു മുകളിൽ തലേദിവസം രാത്രിയിൽ ഇയാൾ കയറിയതായാണ് പോലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണം നടന്നു വരികയാണ്. പരിശോധനയിൽ വീട്ടിൽ നിന്നു സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നില്ല. ഇതിനിടെ തലശേരി പോലീസ് ഇയാൾക്കെതിരേ വീട്ടിൽ അതിക്രമിച്ചു കയറിയതിനും മോഷണ ശ്രമത്തിനും കേസെടുത്തു. തുടർന്ന് കുന്നമംഗലം മജിസ്ട്രറ്റ് ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു. ജുഡീഷ്ൽ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയവെയാണ് രാജേന്ദ്ര ബുഡ മരിച്ചത്.