ബംഗളൂരു: കർണാടകയിൽ മോഷ്ടിച്ച ബസുമായി കടക്കാൻ ശ്രമിക്കവേ, ടോൾ അടയ്ക്കാൻ പണമില്ലാത്തതിനാൽ വാഹനം വഴിയിൽ ഉപേക്ഷിച്ചു കള്ളൻ കടന്നുകളഞ്ഞു. ബംഗളൂരു ചാമരാജനഗറിലെ എൽഐസി ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന വജ്ര എന്ന സ്വകാര്യ ബസാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ മോഷണം പോയത്.
ബസ് മോഷണം പോയതോടെ ബസ് ഓണേഴ്സ് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പിലും വിവിധ സോഷ്യൽ മീഡിയകളിലും ബസിന്റെ ഫോട്ടോ സഹിതം ബസുടമ വിവരങ്ങൾ പങ്കുവച്ചിരുന്നു. അധികം വൈകാതെ ബംഗളൂരു ടോളിനു സമീപം ബസ് പാർക്ക് ചെയ്തിരിക്കുന്നതായി വിവരം ലഭിച്ചു. ടോൾ അടയ്ക്കാൻ പണമില്ലാത്തതിനെത്തുടർന്നു ടോൾബൂത്ത് ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ പിടിക്കപ്പെടുമെന്ന പേടിയിൽ ബസിൽനിന്നിറങ്ങി മോഷ്ടാവ് സ്ഥലംവിടുകയായിരുന്നു.
മോഷണത്തിന്റെയും വിവിധ റോഡുകളിലൂടെ ബസ് സഞ്ചരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.