കള്ളൻമാർ അരങ്ങ് വാഴുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. പച്ചക്കറികൾ മുതൽ വിലപിടിപ്പുള്ള സ്വർണവും പണവും വരെ മോഷ്ടാക്കൾ കൈക്കലാക്കാറാണ് പതിവ്. പച്ചക്കറികളുമായി മുങ്ങുന്ന ഒരു കൂട്ടം മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കടുത്തുരുത്തിയിലെ നാട്ടുകാരും കര്‍ഷകരും.
വാഴക്കുല, ജാതിക്കാ, ജാതിപത്രി, തേങ്ങ, കുരുമുളക് തുടങ്ങി കാര്‍ഷിക വിളകളാണ് രാത്രിയില്‍ വീടുകളിലും പറമ്പുകളിലും പാടത്തുമെത്തി മോഷ്ടിച്ചു കടത്തുന്നത്. തുരുത്തിപ്പള്ളി, തിരുവമ്പാടി, കൂവേലി, കാട്ടാമ്പാക്ക് മേഖലകളിലാണ് മോഷ്ടാക്കളുടെ ശല്ല്യമേറിയിരിക്കുന്നത്.
ഒരുദിവസം തന്നെ പല ഭാഗങ്ങളില്‍ നിന്നും വിവിധ കര്‍ഷകരുടെ മൂന്നും നാലും ഏത്തവാഴകുലകളാണ് വെട്ടി കടത്തുന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശവാസിയായ ജോണിച്ചന് പൂമരം വീട്ടിലേക്കു വരുമ്പോള്‍ 12.30ഓടെ തുരുത്തിപ്പള്ളി പാടത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടിരുന്നു.
തുടര്‍ന്ന് ജോണിച്ചന് പാടം കൃഷി ചെയ്യുന്നയാളെ വിളിച്ചു വിവരമറിയിച്ചു. പിറ്റേന്ന് ഈ പാടത്ത് ഉടമയെത്തിയപ്പോള്‍ ഇദേഹത്തിന്റെയും സമീപത്തെ മറ്റു കൃഷിയിടങ്ങളിലെയും നിരവധി വാഴക്കുലകള്‍ വെട്ടിയെടുത്തതായി കണ്ടെത്തി.
മോഷ്ടിച്ചു കടത്തിയ കുലകള്‍ ഇന്നലെ കാട്ടാമ്പാക്ക് പിഎച്ച്സിയുടെ സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്ത് ഒളിപ്പിച്ചു വച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി. ശിവന് മുയറ്റിപ്പറമ്പില്, ജോസുകുട്ടി മേലുകുന്നേല്‍, വക്കച്ചന് തൊണ്ടിയാതടം, തോമാച്ചന് കുര്യന്തടം, ബെന്നി മുതുകുളം, ബേബിച്ചന് കുര്യന്തടം തുടങ്ങി നിരവധി കര്‍ഷകരുടെ വാഴക്കുലകളാണ് മോഷ്ടിക്കപ്പെട്ടത്.
ഓണക്കാലത്തും സമാനരീതിയില്‍ വെട്ടി വാഴക്കുലകള്‍ വാഹനത്തില്‍ കടത്തികൊണ്ടു പോകുന്നതിനായി കാട്ടാമ്പാക്ക് പിഎച്ച്സിക്ക് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് ഒളിപ്പിച്ചു വച്ചത് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. കാറ്റും മഴയും കനത്ത നാശം വിതച്ചതിനെ തുടര്‍ന്ന് ഈ മേഖലയില്‍ പതിനായിരക്കണക്കിന് വാഴകളാണ് ഒടിഞ്ഞു നശിച്ചത്.
ഇതേതുടര്‍ന്ന് കര്‍ഷകര്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിനിടെയാണ് ശേഷിക്കുന്ന കൃഷിയില്‍ നിന്നുള്ള വിളവുകള്‍ കൂടി മോഷ്ടാക്കളെത്തി അപഹരിക്കുന്നത്. സംഭവത്തില്‍ അടിയന്തര നടപടി വേണമെന്ന് തുരുത്തിപ്പള്ളി ഇന്‍ഫാം യൂണിറ്റ് പ്രസിഡന്റ് ജോണിച്ചന് പൂമരം ആവശ്യപ്പെട്ടു. കടുത്തുരുത്തി പോലീസില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചതായും ജോണിച്ചന് പറഞ്ഞു.