സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ വീണ്ടും മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്നു.
കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ പാര്‍ട്ടിയുടെ കണ്ണിലെ കരടായ തെഹ് ലിയ ഇന്നലെ ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. തുടര്‍ന്ന് ഇന്ന് മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കി.
അതേസമയം പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച അവര്‍ മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല.
മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്ഥാനത്തുനിന്നും നീക്കിയെങ്കിലും ലീഗ് നടപടി വലിയ രീതിയിലുള്ള അസ്വാരസ്യങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
നടപടിക്കെതിരേ ഒരു വിഭാഗം നേതാക്കള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. ഇവരുടെ പരോക്ഷ പിന്തുണ തെഹ്ലിയക്കുണ്ട്.
ആരോപണമുന്നയിച്ച ഹരിത നേതാക്കളുടെ പരാതി കേള്‍ക്കാത്ത പാര്‍ട്ടി നേതൃത്വത്തിനെതിരേ ഫാത്തിമ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ചിരുന്നു.
മിണ്ടാതിരിക്കുന്നത് അധിക്ഷേപിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ഫാത്തിമ അന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പക്ഷെ ഇത് അച്ചടക്ക ലംഘനമായിട്ടാണ് പാര്‍ട്ടി കണ്ടത്.
ഇതിന് പിന്നാലെ ആരോപണ വിധേയനായ എംഎസ്എഫ് സംസ്ഥാന നേതാക്കളോട് വിശദീകരണവും ഹരിത കമ്മിറ്റിയെ മരവിപ്പിക്കുകയും ചെയ്തു.
ശേഷം ആരോപണമുന്നയിച്ച ഹരിത കമ്മിറ്റിയെ പിരിച്ച് വിട്ടതിനൊപ്പം ഫാത്തിമ തെഹ്ലിയക്കെതിരേയും നടപടിയെടുക്കുന്നതിലേക്കാണ് ലീഗ് നേതൃത്വം പോയത്.
ഹരിതയുടെ ആദ്യ സംസ്ഥാന ജറല്‍ സെക്രട്ടറി കൂടിയായിരുന്നു ഫാത്തിമ തെഹ്ലിയ.
ഹരിതയുടെ പുതിയ കമ്മിറ്റി വന്നതിന് പിന്നാലെ ഇത്രപെട്ടെന്നുള്ള പാര്‍ട്ടി നടപടി ഫാത്തിമയും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും തിടുക്കത്തില്‍ നടപടിയെടുത്തതിന് പിന്നില്‍ സിപിഎം നീക്കങ്ങളും കാരണമായെന്ന്ാണ് വിലയിരുത്തല്‍.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കാന്‍ സിപിഎം ഒരുങ്ങുന്നുവെന്ന അഭ്യൂഹമാണ് നടപടി വേഗത്തിലാക്കിയതെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇത് പരസ്യമായി നിഷേധിച്ച് ലീഗിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ് തെഹ്ലിയ.