ജോലിക്കിടയിൽ ഉറങ്ങുന്നത് അത്ര നല്ല ശീലമല്ല. എന്നാൽ ജോലിക്കിടയിൽ ഉറങ്ങിയതുകൊണ്ട് ജയിലിൽ പോയിരിക്കുകയാണ് സ്കോട്ട്ലൻഡുകാരനായ ഒരു കള്ളൻ. രാത്രിയിൽ ഇയാൾ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറി. മോഷണം എന്ന ജോലി ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ആൾക്ക് ഉറക്കം വന്നു. മോഷ്ടിക്കാൻ കയറിയ വീട്ടിൽത്തന്നെ ഇഷ്ടൻ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ പക്ഷെ പോലീസിന്റെ വക കൈയിലൊരു വിലങ്ങുമുണ്ടായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ തന്നെ വിലങ്ങുവച്ചതുപോലുമറിയാതെ ആ കള്ളൻ സുഖമായി കിടന്നുറങ്ങി. മോഷണത്തിനിടയിൽ തിരിച്ചറിയപ്പെടാതിരിക്കാനുള്ള മാസ്കുമൊക്കെ ധരിച്ചായിരുന്നു കള്ളന്റെ ഉറക്കം. രാത്രിയിൽ ഉറക്കമുണർന്ന ഗൃഹനാഥനാണ് ഹാളിൽ ഇട്ടിരുന്ന സോഫയിൽ മാസ്കുമൊക്കെ ധരിച്ച് സുഖമായി ഉറങ്ങുന്ന കള്ളനെ കണ്ടത്. ഉടൻതന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. താമസിയാതെ സ്ഥലത്തെത്തിയ പോലീസ് കള്ളനെ വിലങ്ങണിയിച്ച് അയാൾ ഉണരുന്നതുവരെ കാത്തിരുന്നു. ഉറക്കത്തിനുമുന്പ് ഫ്രിഡ്ജിലിരുന്ന ഭക്ഷണവും കള്ളൻ അകത്താക്കിയതായി വീട്ടുകാർ പറഞ്ഞു.