വീട്ടമ്മമാരെ ഉറക്ക ഗുളിക നല്‍കി മയക്കും; ശേഷം എല്ലാം കവര്‍ന്നെടുക്കും; കാസര്‍ഗോട്ട് പിടിയിലായ മുഹമ്മദ് അറഫാസ് പോലീസിനോടു പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

വീട്ടമ്മമാരെ ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തി കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍.വര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമായ തളങ്കരയിലെ മുഹമ്മദ് അറഫാസ്(22) ആണ് പോലീസിന്റെ പിടിയില്‍ ആയത്. ക്വാര്‍ട്ടേഴ്‌സ് ഉടമയായ വീട്ടമ്മയെ ഉറക്കഗുളിക നല്‍കി മയക്കി കൊള്ളയടിക്കാനുള്ള ഇയാളുടെ ശ്രമം പോലീസ് തന്ത്രപരമായ ഇടപെടലിലൂടെ പൊളിക്കുകയായിരുന്നു.

കോളിയടുക്കത്തെ ക്വാര്‍ട്ടേഴ്‌സ് ഉടമയെയും സമീപത്തെ രണ്ട് വീടുകളിലെ സ്ത്രീകളെയും ഉറക്കഗുളിക നല്‍കി മയക്കി കൊള്ളയടിക്കാനായിരുന്നു അറഫാസ് പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് കാസര്‍ഗോഡ് ഇന്‍സ്‌പെക്ടര്‍ സി.എ.അബ്ദുല്‍ റഹീം പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറഫാസിന്റെ ക്വാര്‍ട്ടേഴ്‌സ് റെയ്ഡ് ചെയ്ത പോലീസ് അവിടെ നിന്ന് 15 ഉറക്കഗുളിക കണ്ടെടുത്തു. ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മുന്‍ ഭര്‍ത്താവിലുള്ള മകന്റെ സഹായത്തോടെയാണ് അറഫാസ് പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.

ബദിയഡുക്കയിലെ വീട്ടില്‍നിന്ന് 35,000 രൂപ കവര്‍ന്ന കേസിലും പാണ്ടിക്കാട്ടുനിന്നും കാഞ്ഞങ്ങാട്ടുനിന്നും ബൈക്ക് മോഷ്ടിച്ച കേസിലും അറഫാസ് പ്രതിയാണ്. വാടക വിളിച്ച് കൊണ്ടുപോയി പൊയിനാച്ചിയിലെ ഓട്ടോ െ്രെഡവര്‍ അശോകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചതിനും നെല്ലിക്കട്ടയിലെ ഫ്രഡിയുടെ ടൂറിസ്റ്റ് ബസ്സില്‍നിന്ന് എല്‍ഇഡി. ടിവി മോഷ്ടിച്ച കേസിലും അറഫാസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.പാണ്ടിക്കാട്ടുനിന്ന് മോഷ്ടിച്ച ബൈക്ക് ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. അറഫാസുമായി നടത്തിയ അന്വേഷണത്തില്‍ നാല് മൊബൈല്‍ ഫോണും എല്‍.ഇ.ഡി. ടെലിവിഷനും ആക്രിക്കടയില്‍ വിറ്റ ബൈക്കിന്റെ എന്‍ജിനും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

Related posts