നൗഷാദ് മാങ്കാംകുഴി
കായംകുളം : ആദ്യമൊക്കെ വീട്ടിലെ കുടങ്ങളും കലങ്ങളും കമിഴ്ത്തി വെച്ച് പാട്ടുകൾപാടി പാട്ടിനൊപ്പം മനോഹരമായി താളം പിടിച്ചു. ഇപ്പോൾ തേജസിന്റെ വിരൾ ചലനത്തിലൂടെ തബലയിൽ വിരിയുന്നത് നാദവിസ്മയം.
മനസിലെ താളങ്ങൾ ഒന്നൊന്നായി തബലയിലൂടെ വാദനം നടത്തി വിരലുകൊണ്ട് താള വിസ്മയം തീർക്കുകയാണ് ഈ സ്കൂൾ വിദ്യാർഥി.
കായംകുളം ഹോളി മേരി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ തേജസ് മനോജാണ് തബലയിൽ താളവിസ്മയം തീർത്ത് ശ്രദ്ധേയനാകുന്നത്.
കുട്ടിക്കാലത്ത് ക്ഷേത്രങ്ങളിലും സാംസ്ക്കാരിക മറ്റും കുടുംബത്തോടൊപ്പം പരിപാടികൾ കാണാൻ പോകുമ്പോൾ തബല വായന കണ്ട് മനസിൽ ചേക്കേറിയ താളത്തെ പിന്നീട് ഹൃദയ താളം പോലെ തേജസ് കാണുകയായിരുന്നു. തേജസിൻറ്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ തബല വാങ്ങി നൽകി കൂടുതൽ പ്രോത്സാഹനവും നൽകി.
ആദ്യമായി പത്തനാപുരം ഗന്ധിഭവനിലെ ആയിരത്തോളം വരുന്ന അന്തേവാസികൾക്ക് മുമ്പിൽ തബല വാദനം നടത്തിയാണ് തേജസ് അരങ്ങേറ്റം കുറിച്ചത് . ഇപ്പോൾ സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ വീട്ടിലിരുന്ന് തബലയിൽ കൂടുതൽ താളവിസ്മയം തീർക്കുകയാണ് തേജസിപ്പോൾ .
പ്ലസ്ടു വിദ്യാർഥിനിയായ സഹോദരി മധുരിമയ്ക്ക് നന്നായി പാടാനറിയാം. മധുരിമ പാടുകയും പാട്ടിനൊപ്പം തേജസ് താളമിടുകയും ചെയ്യുമ്പോൾ അത് സംഗീത വിസ്മയമായി മാറുകയാണ്.
കൂടാതെ തേജസിന്റെ തബലയിലെ താളവിസ്മയം ഇപ്പോൾ ഫേസ്ബുക്ക്, വാട്സ് അപ് ഉൾപ്പെടുന്ന സമൂഹ മാധ്യമങ്ങളിലും വൈറലായി തീർന്നിട്ടുണ്ട്. ഒരുപാട് പേർ പ്രകടനം കണ്ട് അഭിനന്ദനം അറിയിക്കുന്നുമുണ്ട്.
മാവേലിക്കര ജോയിൻറ് ആർടിഒ ഓലകെട്ടിയമ്പലം മാളിയേക്കൽ വീട്ടിൽ എം ജി മനോജിൻറ്റെയും മാവേലിക്കര ബാറിലെ അഭിഭാഷകയായ സ്മിത മനോജിന്റെെയും മകനാണ് തേജസ്.
മാവേലിക്കര ചൈതന്യ സംഗീത അക്കാദമിയിൽ തബല വിദ്വാൻ മാവേലിക്കര പ്രേംലാലിൻറ്റെ ശിക്ഷണത്തിൽ തേജസിപ്പോൾ ഹിന്ദുസ്ഥാനി തബല അഭ്യസിച്ചു വരികയാണ്.