ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്കു തിരിച്ചടി നൽകിക്കൊണ്ട് ഹൈജംപിലെ ദേശീയ റിക്കാർഡ് താരം തേജസ്വിനി ശങ്കർ ഗെയിംസിൽനിന്നു പിന്മാറി. കഴുത്തിനേറ്റ പരിക്കാണ് പിന്മാറാൻ കാരണം.
കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിക്കുന്ന താരം ഗെയിംസിൽനിന്നു പിന്മാറുന്ന വിവരം അത്ലറ്റിക് ഫെഡറേഷനെ അറിയിച്ചു. ഗെയിംസിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചുകൊണ്ട് തേജസ്വിനി ശങ്കർ കത്തയയ്ക്കുകയായിരുന്നുവെന്ന് എഎഫ്ഐ സെക്രട്ടറി സി.കെ. വത്സണ്‍ പറഞ്ഞു.
മാർച്ചിൽ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ ചാന്പ്യൻഷിപ്പിലാണ് 2.28 മീറ്റർ ചാടി തേജസ്വിനി ദേശീയ റിക്കാർഡ് സ്ഥാപിച്ചത്. കഴിഞ്ഞ മാസം ടെക്സാസിൽ നടന്ന ഒരു ഗെയിംസിൽ തേജസ്വിനി 2.29 മീറ്റർ ചാടിയിരുന്നു. 2015 ഇഞ്ചിയോണ്‍ ഏഷ്യൻ ഗെയിംസിൽ 2.25 മീറ്റർ ചാടി വെങ്കലം നേടിയിരുന്നു.