തിരുവനന്തപുരം: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ഇതു സംബന്ധിച്ച കാര്യം ദൂരദർശൻ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് സിനിമാ സംപ്രേക്ഷണത്തെ കുറിച്ച് ദൂരദര്ശന് കുറിച്ചിരിക്കുന്നത്. അതേസമയം, ദി കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കേന്ദ്ര സർക്കാർ ദൂരദർശനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് പരക്കെയുള്ള ആരോപണം. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേരള സ്റ്റോറി’ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ഈരോപിച്ചു. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.