കുമളി: തേക്കടി തടാകത്തിലെ ഉല്ലാസ ബോട്ടുസവാരി നിരോധിച്ചു. ഇന്നു മുതൽ അനിശ്ചിത കാലത്തേക്കാണ് ബോട്ടിംഗ് നിർത്തലാക്കിയത്. തടാകത്തിൽ ജലനിരപ്പ് കുറഞ്ഞതാണ് കാരണം. വനം വകുപ്പിനെ കൂടാതെ കെടിഡിസിയും തേക്കടിയിൽ ബോട്ടു സർവീസ് നടത്തുന്നുണ്ട്. ഇന്നു മുതൽ ബോട്ടിംഗ് നിർത്തുന്നതായി ഇന്നലെ വനം വകുപ്പ് കെടിഡിസിയെ അറിയിച്ചു. 108. 2 അടിയാണ് ഇന്നലത്തെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.
സാധാരണയായി ജലനിരപ്പു താഴുന്പോൾ നിലവിലുള്ള ബോട്ടു ജട്ടിയിൽനിന്ന് ഒന്നര കിലോമീറ്ററോളം അകത്തേക്കു മാറി താത്കാലിക ബോട്ടു ജട്ടി സ്ഥാപിച്ച് ബോട്ടിംഗ് നടത്തുകയാണ് പതിവ്. ഇത്തവണ താത്കാലിക ബോട്ടു ജട്ടി നിർമിക്കാതെ സർവീസ് നിർത്തലാക്കുകയായിരുന്നു. ജലനിരപ്പു താഴുന്പോൾ സാധാരണ ഗതിയിൽ ചെറിയ ബോട്ടുകൾ സർവീസ് നടത്തിയിരുന്നു.
ഇതിനിടെ, കടുവ സംരക്ഷണ കേന്ദ്രം കുറേനാളത്തേക്ക് അടച്ചിടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ടൈഗർ റിസർവുകൾ ഏതാനും നാൾ അടച്ചിടണമെന്ന കേന്ദ്ര കടുവാ സംരക്ഷണ അഥോറിറ്റിയുടെ നയത്തിന്റെ ഭാഗമായാണ് വനം വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെന്നും സൂചനയുണ്ട്.