പയ്യന്നൂര്‍: കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസിന്റെ പിടിയില്‍. കോറോം കാനായിയിലെ തെക്കില്‍ ബാബു (45) എന്ന സുരേഷ് ബാബുവാണ് പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിൽ വച്ച് നാടകീയമായി പോലീസിന്റെ പിടിയിലായത്. എടാട്ട് ക്ഷേത്രത്തിലെ നിരീക്ഷണ കാമറയില്‍ ഇയാള്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
ഇതില്‍നിന്നും കുറ്റവാളിയെ തിരിച്ചറിഞ്ഞ പോലീസ് പല സ്ഥലങ്ങളിലും ഇയാളെ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ഇതിനിടയിലാണ് ഇന്നലെ രാത്രി 8.15ഓടെ ഇയാള്‍ പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിൽ ബസിറങ്ങിയത്.
ഇതേ ബസില്‍ യാത്രചെയ്തിരുന്ന തളിപ്പറമ്പ് ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡംഗമായ എഎസ്ഐ എന്‍.ഗോപിനാഥന് ഇയാളെ തിരിച്ചറിഞ്ഞ് പയ്യന്നൂര്‍ പോലീസിന് വിവരം കൈമാറിയിരുന്നു. ബസില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ ഗോപിനാഥന് ഇയാളെ പിടികൂടിയപ്പോള്‍ കുതറിയോടിയെങ്കിലും കാത്തുനിന്നിരുന്ന പോലീസ് സംഘത്തിന്റെ പിടിയില്‍നിന്നും ഇയാള്‍ക്ക് രക്ഷപ്പെടാനായില്ല. മറ്റൊരു കേസിലെ ജയില്‍വാസത്തിന് ശേഷം ഈ മാസം മൂന്നിനാണ് ഇയാള്‍ പുറത്തിറങ്ങിയത്.
അതിനു ശേഷമാണ് 20ന് രാത്രി വെള്ളൂര്‍ കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തത്. 21ന് രാത്രിയിലാണ് ദേശീയപാതയിലെ എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തത്.രണ്ടു കവര്ച്ചകളുംനടത്തിയത് താൻ തന്നെയാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
21ന് രാത്രിയില്‍ പയ്യന്നൂരില്‍നിന്നും സിനിമ കണ്ടിറങ്ങിയപ്പോള്‍ മഴയുണ്ടായിരുന്നുവെന്നും അപ്പോഴാണ് എടാട്ട് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്താന്‍ തോന്നിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്നിന്നുമെടുത്ത കമ്പിയുപയോഗിച്ചാണ് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ചതെന്നും ഇത്ര പെട്ടെന്ന് പിടിക്കപ്പെടുമെന്ന് കരുതിയില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് പിടിയിലായ തെക്കില്‍ ബാബു. ഇയാള്‍ക്ക് വീടുമായും ബന്ധുക്കളുമായും യാതൊരു ബന്ധവുമില്ലെന്നും പോലീസ് പറഞ്ഞു