കൊച്ചി: തൃശൂരിലെ തേക്കിൻകാട് മൈതാനിയിൽ സംസ്ഥാനത്തിന്റെ സംസ്കാരത്തിനു യോജിക്കാത്ത പരിപാടികൾ നടത്തുന്നില്ലെന്നു കൊച്ചിൻ ദേവസ്വം ബോർഡും തൃശൂർ നഗരസഭയും ഉറപ്പാക്കണമെന്നു ഹൈക്കോടതി. തേക്കിൻകാട് മൈതാനത്തു ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികൾ പാടില്ലെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവു പാലിക്കണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ഫെസ്റ്റിവൽ സമാപനചടങ്ങിന് ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിരുന്നെങ്കിലും ഇതിനുശേഷം സംസ്കാരത്തിനു നിരക്കാത്ത തരത്തിലുള്ള നൃത്തപരിപാടി നടന്നെന്നു ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഹർജിക്കാരൻ ഹാജരാക്കി. വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് നിരാകരിച്ചു.
പരിപാടിക്ക് അനുമതി നൽകുന്പോൾ ഹിന്ദുമത വികാരം വ്രണപ്പെടുന്ന തരത്തിലുള്ള പരിപാടികൾ പാടില്ലെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പാക്കേണ്ടിയിരുന്നെന്നു ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. അനുചിതമായ പരിപാടികൾ നടന്നെന്നു പാറമേക്കാവ് ദേവസ്വവും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന കലാപരിപാടികളെക്കുറിച്ചു കൊച്ചിൻ ദേവസ്വം ബോർഡിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹാപ്പി ഡേയ്സ് എന്ന പേരിൽ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്താൻ തേക്കിൻകാട് മൈതാനം അനുവദിച്ചതിനെതിരേ തൃശൂർ കോട്ടപ്പുറം സ്വദേശി കെ.ബി. സുമോദ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.