തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് രാഷ്ട്രീയക്കാരുടെ ചില പ്രത്യേകതരം സ്നേഹമുണ്ട്, ആളുകളോട്. കൂടെക്കൂടെ വീട് സന്ദര്‍ശനം, മുപ്പത്തിരണ്ട് പല്ലും കാട്ടിയുള്ള പുഞ്ചിരി, ആവശ്യങ്ങള്‍ ചോദിച്ചുള്ള വരവ്, വാഗ്ദാനപ്പെരുമഴ, കുട്ടികളെയും പ്രായമായവരെയും വാരിപ്പുണരല്‍, ഉമ്മവയ്ക്കല്‍ അങ്ങനെ പോവുന്നു കാര്യങ്ങള്‍.
കേരളത്തില്‍ തെരഞ്ഞെടുപ്പടുക്കുന്ന സമയത്ത് നാം കണ്ട് ശീലിച്ചിട്ടുള്ളതാണിക്കാര്യങ്ങള്. എന്നാല്‍ ലോകത്തിന്റെ ഏത് കോണിലായാലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഈ കലാപരിപാടിയ്ക്ക് വലിയ മാറ്റമൊന്നുമില്ലെന്നാണ് ഇപ്പോള്‍ തെലങ്കാനയില്‍ നിന്ന് വരുന്ന ഒരു വാര്‍ത്ത തെളിയിക്കുന്നത്.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന തെലങ്കാനയില്‍ സ്ഥാര്‍ത്ഥികള്‍ വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള എല്ലാ പണികളും നോക്കുന്നുണ്ട്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്)യാണ് പ്രചാരണത്തില്‍ ഏറെ മുന്നില്‍.
തികച്ചും വ്യത്യസ്തമാണ് ഇവിടെ വോട്ട് പിടിക്കുന്ന രീതി. പിരിച്ചുവിട്ട നിയമസഭയിലെ സ്പീക്കറും ഭൂപല്‍പള്ളി മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥിയുമായ എസ്.മധുസൂദനാചാരി തന്റെ വോട്ടുകള്‍ എല്ലാം പോക്കറ്റിലാക്കാനുള്ള നെട്ടോട്ടത്തിലാണ്. തിങ്കളാഴ്ച ഒരു ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ മധുസൂദന അവിടെ എത്തിയ ആളുകള്‍ക്ക് ഷേവ് ചെയ്തുനല്‍കി. മറ്റൊരാള്‍ക്ക് മുടിവെട്ടി നല്കി.
വീടിനു പുറത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഒരാളെ വയറുനിറച്ച് ഊട്ടി തൃപ്തനാക്കിയിട്ടാണ് മധുസൂദന മടങ്ങിയത്. രണ്ടു ദിവസം മുന്‍പ് രാംനഗര്‍ കോളനിയില്‍ വൃക്കരോഗം ബാധിച്ച് മരിച്ച ചെറുപ്പക്കാരന്റെ ശവമഞ്ചം ചുമക്കാനും മധുസൂദന മുന്നിലുണ്ടായിരുന്നു.
ജനസേവനത്തില്‍ മധുസൂദനയെ പിന്നിലാക്കാനുള്ള ശ്രമത്തിലായിരുന്നു അര്‍മൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ജീവന് റെഡ്ഡി. എന്നാല്‍ ചെറുതായി ഒന്നുപാളിപ്പോയി. ഒരാളുടെ മൃതദേഹം സംസ്കാരിക്കാന്‍ എടുക്കുന്നതിനിടെ കാമറയെ നോക്കി റെഡ്ഡി ചിരിച്ചതാണ് പണിയായത്. പ്രശംസയ്ക്കു പകരം രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ചിരിച്ചുകൊണ്ട് ശവമഞ്ചം ചുമക്കുന്ന റെഡ്ഡിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.
യെല്ലാഡു മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി കൊരം കനയ്യയാണ് മറ്റൊരു താരം . വോട്ടുചോദിച്ചു ചെന്നപ്പോള്‍ വീടിനു മുന്നില്‍ നിന്ന് കുളിക്കുകയായിരുന്ന യുവാവിനെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചിട്ടാണ് കനയ്യ പോയത്. ഒരു കപ്പില്‍ വെള്ളമെടുത്ത് യുവാവിന്റെ ദേഹത്ത് ഒഴിച്ചുകൊടുത്തു. ഇത്തരം പ്രവര്‍ത്തികളെല്ലാം കാമറയില്‍ ഉടനടി പകര്‍ത്താനും ആളുണ്ട്.
ജനഗണ്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മുത്തിറെഡ്ഡി യാദഗിരി റെഡ്ഡിയാകട്ടെ ഒരു സ്ത്രീയെ വസ്ത്രം അലക്കാന്‍ വരെ സഹായിച്ചു. മഭുബബാദിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി ശങ്കര്‍ നായിക് അലക്കുശാലയില്െ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്കി.
സ്റ്റേഷന് ഘന്‍പുര്‍ മണ്ഡലത്തിലെ ടി.രാജയ്യ പച്ചക്കറി കച്ചവടക്കാരന്റെ വേഷത്തിലാണ് വോട്ടര്‍മാരെ കാണാനെത്തിയത്. ബഭുബ്നഗര്‍ സ്ഥാനാര്‍ത്ഥി ശ്രീനിവാസ് ഗൗഡ് തയ്യല്കടയില് ജോലിക്ക് സഹായിച്ചു. ജിസംബര്‍ എട്ടിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.