തെലങ്കാന തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. കോൺഗ്രസും ബിജെപിയും തമ്മിൽ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നു. നവംബർ 30 നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
പല മണ്ഡലങ്ങളിലേയും ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ലോക്പോൾ പ്രീ-പോൾ സർവേ പ്രകാരം തെലങ്കാനയിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം.
ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നാണ് സർവെ അവകാശപ്പെടുന്നത്. ബി ആർ എസ് കനത്ത തിരിച്ചടി നേരിടുമെന്നും പറയുന്നു.
അതേ സമയം തെലങ്കാനയിൽ ബിജെപി വിജയിച്ചാൽ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന.
മുസ്ലിം ക്വാട്ട ഒബിസി, എസ്സി, എസ്ടി എന്നിവയ്ക്ക് പുനർവിതരണം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്നും മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി) ക്വാട്ട വർദ്ധിപ്പിക്കുമെന്നും നേരത്തെ അമിത്ഷാ വാഗ്ദാനം ചെയ്തിരുന്നു.