കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയ്ക്കു പോലീസ് കസ്റ്റഡിയിലുള്ള നടൻ ദിലീപിനെ ഇന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനും ചോദ്യചെയ്യലിനുമായി രണ്ടു ദിവസത്തേക്കായിരുന്നു ദിലീപിനെ ബുധനാഴ്ച കസ്റ്റഡിയിൽ വിട്ടത്.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു മുഖ്യപ്രതി പൾസർ സുനിയുമായി കൂടിക്കാഴ്ച നടത്തിയ തൊടുപുഴ, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെല്ലാം ദിലീപിനെ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. ചോദ്യം ചെയ്യലിന് അധികസമയം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി നീട്ടി നൽകാൻ പോലീസ് അപേക്ഷ സമർപ്പിക്കുമെന്നു സൂചനയുണ്ട്. മൂന്നു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട പോലീസിനു രണ്ടു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.
തൃശൂരിൽ ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ സ്ഥലങ്ങളിലാണു പോലീസ് ഇന്നലെ തെളിവെടുപ്പു നടത്തിയത്. ജോർജേട്ടൻസ് പൂരം സിനിമയുടെ ഷൂട്ടിംഗ് നടന്ന തൃശൂരിലെ ജോയ്സ് പാലസ്, ഹോട്ടൽ ഗരുഡ, കിണറ്റിങ്കൽ ടെന്നീസ് ക്ലബ് എന്നിവിടങ്ങളിൽ കൊണ്ടുപോയി. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ തെളിവെടുപ്പ് അവസാനിപ്പിച്ചു വീണ്ടും ആലുവ പോലീസ് ക്ലബിൽ എത്തിച്ചു. തുടർന്നു വീണ്ടും ചോദ്യം ചെയ്തു. ദിലീപ് കുറ്റം സമ്മതിച്ചിട്ടില്ലെന്നാണു വിവരം.
ആക്രമിക്കപ്പെടുന്പോൾ നടിയോട് ഇതൊരു ‘മാഡ’ത്തിന്റെ ക്വട്ടേഷനാണെന്നു സുനി പറഞ്ഞിരുന്നു. ‘മാഡം’ എന്നയാൾ സുനിയുടെ സൃഷ്ടി മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലെന്നു സൂചനയുണ്ട്.
ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ടവരെ ചോദ്യം ചെയ്യുന്ന നടപടിയിലേക്കാണ് അന്വേഷണ സംഘം ഇനി കടക്കുക. ഇതിനായി ചോദ്യം ചെയ്യണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവൻ, കാവ്യയുടെ അമ്മ ശ്യാമള തുടങ്ങിയവരെ വിളിച്ചുവരുത്തും.
ഗൂഢാലോചന നടത്തിയത് ഇരുവരുടെയും അറിവോടെയാണോയെന്ന് ഉറപ്പിക്കാനായിട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് കാവ്യയുടെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനമായ ലക്ഷ്യയിൽ ഏൽപ്പിച്ചതായി പൾസർ സുനി മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നു ലക്ഷ്യയിൽ പോലീസ് റെയ്ഡും നടത്തിയിരുന്നു.
പൾസർ സുനി ലക്ഷ്യയിൽ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു കാവ്യയെയും അമ്മയെയും ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ലക്ഷ്യയിൽ സുനി എത്തിയതിന്റെ ദൃശ്യങ്ങൾ അടുത്തുള്ള കടകളിലെ സിസിടിവി കാമറകളിൽനിന്നു ലഭിച്ചിരുന്നു. ദൃശ്യങ്ങൾ ഉറപ്പുവരുത്തിയ ശേഷം ഈ തെളിവിന്റെ അടിസ്ഥാനത്തിൽ കാവ്യയേയും അമ്മയേയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പോലീസ് രഹസ്യകേന്ദ്രത്തിൽ പലരെയും ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്.
തൃശൂരിൽ തെളിവെടുപ്പു പൂരം
തൃശൂർ: നടിയെ ആക്രമിച്ചകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ തൃശൂരിലെ തെളിവെടുപ്പുകൾ പൂർത്തിയായി. ഹോട്ടൽ ജോയ്സ് പാലസ്, ഹോട്ടൽ ഗരുഡ ഇന്റർനാഷണൽ, പുഴയ്ക്കൽ ടെന്നീസ് അക്കാദമി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.
ഗരുഡ ഹോട്ടലിലും ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനായിരുന്ന പുഴയ്ക്കലിലെ ടെന്നീസ് അക്കാഡമിയിലും ദിലീപിനെ പുറത്തിറക്കി തെളിവെടുപ്പ് നടത്തി. കനത്ത പോലീസ് സുരക്ഷയിലാണ് ഇന്നലെ രാവിലെ നടനെ ആലുവയിൽനിന്നു തൃശൂരിലെത്തിച്ചത്.
ആദ്യം ശക്തൻ നഗറിലുള്ള ഹോട്ടൽ ജോയ്സ് പാലസിലേക്കാണ് കൊണ്ടുവന്നത്. ദിലീപും പൾസർ സുനിയും ബിഎംഡബ്ല്യു കാറിലിരുന്ന് സംസാരിച്ചെന്നു പറയുന്ന ഹോട്ടലിന്റെ പോർച്ചിലായിരുന്നു ആദ്യ തെളിവെടുപ്പ്. ഇവിടെ പോലീസ് ദിലീപിനെ വാഹനത്തിൽനിന്നു പുറത്തിറക്കിയില്ല.
തുടക്കത്തിൽ പ്രതിഷേധക്കാർ ജോയ്സ് പാലസിൽ കുറവായിരുന്നു. ടെന്നീസ് ക്ലബിലേക്കാണ് ആദ്യമെത്തിക്കുകയെന്ന സൂചനയുണ്ടായിരുന്നതിനാൽ എഐവൈഎഫ് അടക്കമുള്ള പ്രതിഷേധക്കാർ അവിടെയായിരുന്നു. ദിലീപിനെ കാണാനും തെളിവെടുപ്പ് വീക്ഷിക്കാനുമായി ആളുകൾ തടിച്ചുകൂടിയിരുന്നുവെങ്കിലും മറ്റു സ്ഥലങ്ങളിലെപ്പോലെ കൂക്കിവിളികളോ ബഹളമോ ആദ്യം ഉണ്ടായില്ല. എന്നാൽ പിന്നീട് ജനം കൂക്കിവിളിക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തു.
കനത്ത പോലീസ് സന്നാഹം ഹോട്ടലിനു ചുറ്റുമുണ്ടായിരുന്നു. ഏതാനും മിനിറ്റുകൾ മാത്രമാണ് ജോയ്സ് പാലസിൽ തെളിവെടുപ്പ് നടത്തിയത്. തുടർന്ന് രണ്ടാമത്തെ തെളിവെടുപ്പുകേന്ദ്രമായ ഹോട്ടൽ ഗരുഡ ഇന്റർനാഷണലിലേക്ക് എത്തിച്ചു. കുറുപ്പം റോഡിലെ ഗരുഡ ഹോട്ടലിനു പുറത്തും പ്രതിഷേധക്കാർ ഉണ്ടായിരുന്നു. ശക്തമായ പോലീസ് സന്നാഹം ഇവിടേയും നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ദിലീപ് ഏറെദിവസം ഇവിടെ താമസിച്ചിരുന്നതായി പോലീസ് നേരത്തേ കണ്ടെത്തിയി രുന്നു.
ഗരുഡയിൽ ദിലീപിനെ വാഹനത്തിൽനിന്നു പുറത്തിറക്കിയാണ് തെളിവെടുത്തത്. വാഹനത്തിൽനിന്നു പുറത്തിറങ്ങിയയുടൻ, ഹോട്ടലിനു പുറത്ത് തടിച്ചുകൂടിയ ജനം കൂക്കിവിളി തുടങ്ങി. പോലീസിനൊപ്പം ഗരുഡ ഹോട്ടലിന്റെ അകത്തേക്കുപോയ ദിലീപ് ലിഫ്റ്റിൽ മുകൾനിലയിലേക്കു പോയി. ഹോട്ടലിലെ 21-ാം നമ്പർ മുറിയിൽ ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് പുറത്തേക്കു വന്ന ദിലീപ് പ്രതിഷേധവുമായിനിന്ന ജനക്കൂട്ടത്തെ കൈവീശിക്കാണിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നല്കാതെയാണ് പോലീസ് വണ്ടിയിൽ കയറിയത്. തുടർന്ന് പോലീസ് വാഹനം പുഴയ്ക്കലിലെ ടെന്നീസ് അക്കാഡമിയിലേക്കു പോയി.
ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്ന പുഴയ്ക്കൽ ടെന്നീസ് അക്കാഡമിയിലെ ജീവനക്കാരെടുത്ത സെൽഫിയിൽ ദിലീപിനു പിന്നിൽ അല്പം ദൂരെ നിൽക്കുന്ന പൾസർ സുനിയുടെ വ്യക്തമായ ചിത്രം പുറത്തുവന്നിരുന്നു.
ടെന്നീസ് അക്കാഡമിയിൽ ഉച്ചയ്ക്കു പന്ത്രണ്ടോടെ എത്തിച്ച ദിലീപിനെ അരമണിക്കൂറോളം പോലീസ് വാഹനത്തിൽ നിന്നിറക്കിയില്ല. പന്ത്രണ്ടരയോടെ അക്കാദമിയുടെ അകത്തേക്കു കൊണ്ടുപോയി. ടെന്നീസ് കോർട്ടിലും പൾസർ സുനി നിന്നിരുന്ന ഭാഗത്തും അന്വേഷണസംഘം ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തി. ഏതാനും മിനിറ്റുകൾക്കകം പോലീസ് ദിലീപിനെ വാഹനത്തിൽ കയറ്റി തിരിച്ചുകൊണ്ടുപോയി.